ഉദ്യോഗസ്ഥർക്കെതിരെ പരാതി; ഇ.ഡി ഓഫിസിൽ പൊലീസ്

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. എറണാകുളം സെൻട്രൽ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഇ.ഡി ഓഫിസിലെത്തി വിവര ശേഖരണം നടത്തി.

വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ. അരവിന്ദാക്ഷനാണ് ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്. കരുവന്നൂർ സഹ.ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അരവിന്ദാക്ഷനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യൽ സമയത്ത് ഉദ്യോഗസ്ഥർ മർദിച്ചെന്നും പരിക്കേറ്റ് ചികിത്സ തേടിയെന്നുമാണ് പരാതി. ഉദ്യോഗസ്ഥരുടെ പേര് ഉൾപ്പെടെ പരാതിയിൽ ചേർത്തിട്ടുണ്ട്. പരിക്കേറ്റതിനെ തുടർന്ന് താൻ ചികിത്സ തേടിയെന്ന് വ്യക്തമാക്കി ആശുപത്രി രേഖകൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരമാണ് സെൻട്രൽ സി.ഐയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇ.ഡി ഓഫിസിലെത്തി വിവരശേഖരണം നടത്തിയത്.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പോര് നിലനിൽക്കുന്നതിനിടെയാണ് പൊലീസ് ഇ.ഡി ഓഫിസിലെത്തി പരിശോധന നടത്തിയത്. ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനെത്തുന്നവരുടെ വിവരങ്ങൾ പൊലീസ് ചോർത്തുന്നുവെന്നും ഇ.ഡി ആക്ഷേപം ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും പരാതി ഉയർന്നിരുന്നു.

Tags:    
News Summary - Complaints against officials; Police at ED office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.