'അത് കള്ളനോട്ട് അല്ലായിരുന്നു, അവർ തന്നെ ജയിലിൽ അടച്ചത് 32 ദിവസം'; പൊലീസ് ക്രൂരത തുറന്നുപറഞ്ഞ് 71കാരൻ

പന്തളം: കള്ളനോട്ടുകേസിൽ പൊലീസ് നിരപരാധിയായ വയോധികനെ 32 ദിവസം ജയിലിൽ അടച്ചതായി പരാതി. പന്തളം ജങ്ഷനിൽ വ്യാപാരിയായ നെടിയ മണ്ണിൽ വീട്ടിൽ സൈനുദീൻ റാവുത്തറാണ്(71) അനുഭവിച്ച മാനസിക പീഢനവും അപമാനവും വിശദീകരിക്കുന്നത്. തനിക്കെതിരെ അകാരണമായി നടപടി സ്വീകരിച്ച പന്തളം എസ്.ഐ എസ്.സാനൂജിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയൊന്നും നേരിടാതെ പ്രമോഷനോടുകൂടി കൊല്ലം ജില്ലാ സ്‌റ്റേറ്റ് ക്രൈബ്രാഞ്ച് വിഭാഗത്തിൽ സി.ഐ ആയി തുടരുന്നുവെന്നും പരാതിക്കാരൻ പറയുന്നു.

2016 ലാണ് കേസിന് കാരണമായ സംഭവം. സൈനുദീന്റെ ഉടമസ്ഥതയിലുള്ള ടാക്സി കാർ അയൽവാസി പന്തളം മങ്ങാരം നെല്ലും പറമ്പിൽ തെക്കേതിൽ രാജന് തിരുവനന്തപുരം വിമാനത്താവളത്തിൽ പോകാനായി കൊടുത്തിരുന്നു വിദേശത്തു നിന്ന് വരുന്ന രാജന്റെ ഭാര്യയുടെ സഹോദരി പഴകുളം സ്വദേശിനി ഷീബയെ കൂട്ടിക്കൊണ്ടുവരാനാണ് കാർ കൊണ്ടുപോയത്. ഓട്ടം കഴിഞ്ഞ് അടുത്ത ദിവസം രാത്രി രാജൻ കാറിന്റെ കൂലിയായി 1500ന്റെ മൂന്ന് നോട്ട് നൽകി. അടുത്ത ദിവസം ഈ പണവുമായി കെ.എസ്.ഇ.ബി ഓഫിസിൽ വൈദ്യുതി ബിൽ അടക്കാനെത്തിയപ്പോഴാണ് കള്ളനോട്ടാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പണം നിരസിച്ചത്.

അവിടെ നിന്നുകൊണ്ടു തന്നെ രാജനെ വിളിച്ചു വിവരം അറിയിച്ചു. അധികം താമസിയാതെ പന്തളം എസ്.ഐ എസ്. സനൂജിന്റെ് നേതൃത്വത്തിലുള്ള പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. താൻ തെറ്റുകാരനല്ലെന്നും രാജൻ നൽകിയ പണമാണെന്നും എസ്‌.ഐയോട് ആവർത്തിച്ചു പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ല. ഫോൺ വാങ്ങിവച്ചശേഷം വീടിന്റെ താക്കോൽ വാങ്ങി തുറന്ന് പരിശോധനയും നടത്തി. രാജനെയും വിളിച്ചുവരുത്തി.

സെക്ഷൻ 489(ബി) 34 ഐ.പി.സി പ്രകാരം കേസുമെടുത്തു. അടുത്ത ദിവസം സ്‌റ്റേഷനിലെത്തിയ രാജൻ കാറിന്റെ കൂലിയായി ഷീബ തന്നതാണ് പണമെന്നു പൊലീസിനോട് പറഞ്ഞു. പണം നൽകിയ ഷീബയോട് കാര്യങ്ങൾ തിരക്കണമെന്ന് എസ്‌.ഐയോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് പുറത്തേക്ക് പോയ എസ്‌.ഐ മടങ്ങിയെത്തി രാജനെയും തന്നെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്തു റിമാൻഡ് ചെയ്തു. ടാക്‌സി കൂലിയായി നോട്ടുകൾ നൽകിയ ഷീബയെ മൂന്നാം പ്രതിയാക്കിയെങ്കിലും അധികം വൈകാതെ അവർ വിദേശത്തേക്ക് പോവുകയും ചെയ്തു. അവരെ വിദേശത്തേക്ക് കടക്കാൻ എസ്‌.ഐ സി.പി.എം പ്രദേശിക നേതാകൾക്ക് ഇടപെട്ട് എസ്.ഐക്ക് പണം നൽകി സഹായിച്ചതായി സംശയിക്കുന്നതായും നോട്ട് പരിശോധന നടത്തിയതിൽ ഉണ്ടായ വീഴ്ചയാണ് താൻ കുറ്റവാളിയാകാൻ കാരണമെന്നും സൈനുദീൻ പറഞ്ഞു.

മഹാരാഷ്ട്രയിലെ നാസിക്കിലെ കറൺസി നോട്ട് പ്രസിൽ കോടതി നിർദേശപ്രകാരം നോട്ടുകൾ പരിശോധിച്ചതിന്റെ ഫലം 2018 ൽ ലഭിച്ചപ്പോഴാണ് അറസ്റ്റിന് കാരണമായ നോട്ടുകൾ കള്ളനോട്ടല്ലെന്നും യഥാർഥ നോട്ടുകളെന്നു വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ കോടതി പ്രതികൾക്കെതിരെ കുറ്റം നിലനിൽക്കില്ലെന്നും അവരെ ഒഴിവാക്കിയിരിക്കുന്നെന്നും 2020 ൽ വിധിക്കുകയും ചെയ്തു. പിന്നീടാണ് സൈനുദ്ദീൻ മുഖ്യമന്ത്രിക്കും ഡി.ജി.പി, ജില്ലാ കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയത്.

എന്നാൽ, സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ചതല്ലാതെ ഇയാൾക്കെതിരെ ഒരു നടപടിയും ഡിപ്പാർട്ടുമെന്റ് എടുത്തിട്ടില്ലെന്നും തന്റെ കൈയിൽ നിന്നും അന്ന് വാങ്ങി കസ്റ്റഡിയിൽ വെച്ച ഫോൺപോലും തിരികെ തന്നില്ലെന്നും സൈനുദ്ദീൻ പറഞ്ഞു. 20 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സൈനുദ്ദീൻ പറയുന്നു. 

Tags:    
News Summary - Complaint that police imprisoned an innocent elderly man for 32 days in a fake currency case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.