തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറുന്നത്. കോട്ടയ്ക്കൽ, തിരൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുന്നത് ഇവിടെയാണ്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന ഏജന്റുമാരുടെ തിരിച്ചറിയൽ കാർഡിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതിൽ നേരിട്ട സാങ്കേതിക തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഏജന്റുമാരുടെ ഐ.ഡി കാർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഏജന്റുമാരെ അകത്തേക്ക് കടത്തിവിടാൻ വിസമ്മതിച്ചു. പ്രധാനമായും കോട്ടയ്ക്കൽ മണ്ഡലത്തിലെ കൗണ്ടിങ് ഏജന്റുമാരുടെ കാർഡുകളിലാണ് ഈ പിശക് കണ്ടുപിടിച്ചത്. വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഏജന്റുമാരെ പുറത്തുനിർത്തിയത് രാഷ്ട്രീയ പാർട്ടികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തങ്ങളെ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഏജന്റുമാർ ആരോപിച്ചു.
തിരൂർ സബ് കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണ്. സാങ്കേതിക തകരാർ പരിഹരിക്കുന്നത് വരെ ഐ.ഡി കാർഡിലെ ഫോട്ടോയും വിവരങ്ങളും നേരിട്ട് പരിശോധിച്ച ശേഷം ഏജന്റുമാരെ പ്രവേശിപ്പിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.ഈ തർക്കം കാരണം വോട്ടെണ്ണൽ നടപടികൾ തുടങ്ങുന്നതിൽ നേരിയ കാലതാമസം നേരിട്ടിട്ടുണ്ട്. തിരൂരിലും കോട്ടയ്ക്കലിലും കടുത്ത മത്സരം നടക്കുന്നതിനാൽ, കൗണ്ടിങ് ഹാളിനുള്ളിൽ ഓരോ മിനിറ്റും തങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാവണമെന്ന നിർബന്ധത്തിലാണ് യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.