ഓട്ടോറിക്ഷ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി

കല്‍പറ്റ: ഓട്ടോറിക്ഷ തൊഴിലാളി ഇരുളം ശാസ്തമംഗലംകുന്ന് തണ്ടേല്‍ സ്വരൂപിന്റെ (38) മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. താമരശേരിക്കടുത്ത് ലഹരിമോചന കേന്ദ്രത്തില്‍ ചികിത്സയ്ക്കിടെ മര്‍ദനമേറ്റതാണ് സ്വരൂപിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു.

മദ്യാസക്തിയില്‍നിന്നുള്ള മോചനത്തിന് ഡിസംബര്‍ ഒമ്പതിനാണ് സ്വരൂപ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശനം നേടിയത്. 12ന് സെന്റര്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച്, പ്രവേശിപ്പിച്ചതിന്റെ പിറ്റേന്ന് സ്വരൂപ് അക്രമാസക്തനായെന്നും കട്ടിലില്‍നിന്നു വീണ് പരിക്കേറ്റെന്നും അറിയിച്ചു. വാഹനവുമായിവന്ന് കൂട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ സ്വരൂപിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു. ഈ സമയം കഴുത്തിന്റെ പിന്‍ഭാഗത്ത് കടുത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടായിരുന്നു.

ആശുപത്രിയില്‍ പരിശോധനയില്‍ കഴുത്തിലെ കശേരുക്കളില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായിട്ടും കിടത്തിച്ചികിത്സിക്കാതെ മരുന്നുനല്‍കി വിട്ടു. വേദന ശമിക്കാത്തതിനാല്‍ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും ആശുപത്രിയിലെത്തി. 13ന് ചികിത്സയിലിരിക്കേയായിരുന്നു മരണം. 14ന് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ദിവസങ്ങള്‍മുമ്പ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് കഴുത്തിലെ കശേരുകള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായത്.

നിര്‍ധന കുടുംബാംഗമാണ് സ്വരൂപ്. ഭാര്യയും രണ്ട് മക്കളും രോഗികളായ മാതാപിതാക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. എങ്ങനെയാണ് കഴുത്തിലെ കശേരുക്കൾ പൊട്ടിയതെന്ന് വ്യക്തമാകാന്‍ സമഗ്രാന്വേഷണം ആവശ്യമാണ്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ദിവസം വിദഗ്ധ ചികിത്സ നല്‍കാതെ വീട്ടിലേക്ക് വിട്ടതും പരിശോധിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഹനീഫ ഇരുളം, കെ.കെ. ഷിബുകുമാര്‍, രഞ്ജിത്ത് നന്ദനം, ജി. രമേശ്, പൂതാടി പഞ്ചായത്ത് ചുണ്ടക്കൊല്ലി വാര്‍ഡ് അംഗം ഷിജി ഷിബു, മരിയനാട് വാര്‍ഡ് അംഗം സുമ രാജു എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    
News Summary - Complaint Raises Suspicion Over Autorickshaw Worker’s Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.