ശ്രീകാര്യത്തെ കൊലപാതകം; പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് 16കാരന്‍റെ കുടുംബം

തിരുവനന്തപുരം: ശ്രീകാര്യത്ത് 16കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം രംഗത്ത്. കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് അഭിരാമിന്റെ ബന്ധുക്കൾ ആരോപിച്ചു. പൊലീസ് കൃത്യസമയത്ത് ഇടപെട്ടില്ലെന്നാണ് പറയുന്നത്. തെളിവെടുപ്പിനെത്തിയ പൊലീസ് വാഹനം ഇതോടെ നാട്ടുകാർ തടഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പൊലീസ് വിവരങ്ങളൊന്നും അറിയിക്കുന്നില്ലെന്നും ബന്ധുവായ ശ്രീജിത്ത് അറിയിച്ചു. ഇന്നലെ പിടികൂടിയ പ്രതിയെ രാത്രി വിട്ടയക്കുകയും ഇന്ന് രാവിലെ വിളിച്ചുവരുത്തുകയുമായിരുന്നെന്നാണ് വിവരം. രാത്രി വിട്ടയച്ചില്ലായിരുന്നുവെങ്കിൽ അഭിരാമിനെ രക്ഷിക്കാമായിരുന്നെന്നാണ് ബന്ധു പറയുന്നത്.

അതേ സമയം കൊലപാതകം ആസൂത്രിതമെന്ന് തെളിവെടുപ്പിനിടെ പ്രതിയായ 17കാരന്‍ മൊഴി നൽകി. അഭിരാമിനെയല്ല കുട്ടിയുടെ മറ്റൊരു സൂഹൃത്തിനെയാണ് കൊല്ലാന്‍ ഉദ്ദേശിച്ചത്. എന്നാൽ ഇതിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലെടുത്ത പ്രതി മൊഴി നൽകിയത്. ഗൂഢാലോചനയിൽ അഭിരാമിനെ ഇന്‍സ്റ്റഗ്രാം വഴി വിളിച്ചുവരുത്തിയ പെൺകുട്ടിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

ഇന്നലെയാണ് 16കാരനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ശ്രീകാര്യം, പാങ്ങപ്പാറ സ്വദേശി അഭിരാം ആണ് കൊല്ലപ്പെട്ടത്. പരുത്തിപ്പാറ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. ഇന്നലെ ഉച്ച മുതൽ അഭിരാമിനെ കാണാതായിരുന്നു. പാങ്ങപ്പാറയിൽ പോകുകയാണെന്ന് പറഞ്ഞാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അഭിരാമിന്‍റെ ഫോണിലേക്ക് കോൾ വന്നിരുന്നു. പല തവണ കുടുംബം ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇവർ ശ്രീകാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് അഭിരാമിന്‍റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിൽ ഒരു പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് കോൾ വന്നതെന്ന് പൊലീസ് കണ്ടെത്തുകയും പാങ്ങപ്പാറയിലെ ഒരു പറമ്പിൽ നിന്ന് മൃതദേഹം ചാക്കിൽ കെട്ടിയ നില‍യിൽ കണ്ടെത്തുകയുമായിരുന്നു.

കൊലപാതകിയായ 17കാരൻ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും മരിച്ച അഭിരാം ഈ പെൺ കുട്ടിയുമാ‍യി ചാറ്റ് ചെയ്തിരുന്നുവെന്നും ഇതേ തുടർന്ന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐ.ഡി വഴി അഭിരാമിനെ ചാറ്റ് ചെയ്ത് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കൊലപാതക ശേഷം ഉമർ എന്ന് ഗുണ്ടയെ വിളിച്ചുവെന്നും 17 കാരൻ മൊഴി നൽകിയിട്ടുണ്ട്. കേസിൽ പെൺകുട്ടിയടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

Tags:    
News Summary - Sreekaryam Murder Outrage Grows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.