ശബരിമലയിൽ സൗജന്യ അരവണക്ക് ഇനി പരിധി; ഈ മണ്ഡലകാലത്ത് വിതരണം ചെയ്യുന്നത് 50,000 ടിൻ അരവണ മാത്രം

കൊച്ചി: ശബരിമലയിൽ സൗജന്യമായി നൽകുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു. 'ഫ്രീ ഇഷ്യു' വിഭാഗത്തിലുള്ള അരവണ ഈ മണ്ഡലകാലത്ത് ആകെ 50,000 ടിൻ മാത്രമേ സൗജന്യമായി നൽകൂ. ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് ദേവസ്വം ബോർഡ് പുതിയ പരിധി നിശ്ചയിച്ചത്. ഈ തീരുമാനം പിന്നീട് സ്റ്റാൻഡിങ് കൗൺസൽ ഹൈകോടതിയെ അറിയിച്ചു.

അതേസമയം, സൗജന്യ അരവണ കൈപ്പറ്റുന്നവരുടെ വിശദാംശങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇതിനായി എക്സിക്യുട്ടീവ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിതരണം ചെയ്യുന്ന അരവണയുടെ രേഖയും കണക്കും ഉറപ്പാക്കാനാണ് ഈ സംവിധാനം. സൗജന്യ വിതരണത്തിന്റെ പൂർണ ഉത്തരവാദിത്വം എക്സിക്യുട്ടീവ് ഓഫീസർക്കാണ്. എക്സിക്യുട്ടീവ് ഓഫീസറുടെ അപേക്ഷയോ സ്ലിപ്പോ ഹാജരാക്കാതെ സൗജന്യ അരവണ ലഭിക്കില്ല.

സൗജന്യമായി നൽകുന്ന അരവണയുടെയും അപ്പത്തിന്റെയും കണക്കുകളിൽ ക്രമക്കേടുണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകോടതി സ്വമേധയാ കേസെടുത്തത്. സൗജന്യ വിതരണം നിയന്ത്രിക്കാനും മറ്റും നടപടി ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.

Tags:    
News Summary - High Court Limits Free Sabarimala Aravana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.