നെടുങ്കണ്ടം: അനധികൃത പാറ ഖനനവും മണ്ണെടുപ്പും നടത്തുന്നുവെന്ന പരാതിയിൽ സി.പി.എം ജില്ല സെക്രട്ടറിക്കും മകനും മരുമകനുമെതിരെ അന്വേഷണം നടത്താന്‍ ജില്ല കലക്ടര്‍ സബ് കലക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്കി. പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി.
സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസിനും മകന് അമല്‍ വര്‍ഗീസിനും മരുമകന് സജിത് കടലാടിമറ്റത്തിനും എതിരായാണ് പരാതി. ഇവര്‍ അനധികൃത പാറപൊട്ടിക്കലും മണ്ണെടുപ്പും നടത്തുന്നുവെന്ന് റവന്യൂ വകുപ്പിന്റെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇതിനെ മറികടന്നുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും സെക്രട്ടറിയുടെ സാമ്പത്തിക വളർച്ച ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു.
ജില്ല കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍, പരാതിയുടെ നിജസ്ഥിതി പരിശോധിക്കാനും തുടര്‍നടപടി സ്വീകരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും താലൂക്കിലെ 17 വില്ലേജ് ഓഫിസര്‍മാര്‍ക്കും നിർദേശം നല്കി. ജില്ല കലക്ടറുടെ കത്തിന്മേലുള്ള സ്വാഭാവിക നടപടിയുടെ ഭാഗമാണ് അന്വേഷണ ഉത്തരവെന്നും വില്ലേജ് ഓഫിസര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാര്‍ എസ്.പി. പ്രതാപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.