വായ്പ തിരിച്ചടച്ചിട്ടും ബാധ്യത പട്ടികയിൽ; സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ പരാതി

അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നെടുത്ത വായ്പത്തുക തിരിച്ചടച്ചിട്ടും ബാധ്യത പട്ടികയിൽനിന്ന് ഒഴിവാക്കാത്തതിൽ പൊലീസിൽ പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷന് എതിർവശം പുഷ്പ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ആശീർവാദ് മൈക്രോഫിനാൻസ് സ്ഥാപനത്തിനെതിരെയാണ് പുന്നപ്ര സ്വദേശിനി പരാതി നൽകിയത്.പത്തുപേരടങ്ങുന്ന സ്ത്രീകളുടെ ഗ്രൂപ്പിന് 2016ൽ ഒരാൾക്ക് 15,000 രൂപ ക്രമപ്രകാരം ഒന്നരലക്ഷം രൂപ വായ്പയായി നൽകി.

ഗ്രൂപ് അംഗങ്ങൾ 6600 രൂപവീതം രണ്ടുതവണയായി ഒരുമാസം 13,200 രൂപ തിരിച്ചടക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, തൊട്ടടുത്തമാസവും ജീവനക്കാരുടെ പിഴവുമൂലം ഈ ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് വീണ്ടും ഒന്നര ലക്ഷം രൂപകൂടി അധികമായി നൽകി. ജീവനക്കാർ ഗ്രൂപ് അംഗങ്ങളെ വിവരമറിയിച്ച പ്രകാരം തവണകളടക്കുന്നത് ഇരട്ടിയാക്കി 2017 മേയിൽ വായ്പ മുഴുവനും തിരിച്ചടച്ചു.

ഇതിനുശേഷം 15,000 രൂപ വീതമുള്ള എൻ.ഒ.സിയാണ് സ്ഥാപനം അംഗങ്ങൾക്ക് നൽകിയത്. മറ്റ് തടസ്സമോ നിയമനടപടിയോ ഉണ്ടാകില്ലെന്നാണ് അന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞിരുന്നത്. പിന്നീട് അംഗങ്ങളിൽ പലരും വീട് നിർമാണത്തിനും മറ്റ് വ്യവസായ ആവശ്യങ്ങൾക്കുമായി മറ്റ് ബാങ്കുകളെ സമീപിച്ചപ്പോൾ ബാധ്യത ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ഇവർക്ക് വായ്പ നിഷേധിച്ചു. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ അടുത്തദിവസം വേണ്ട പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും വേണ്ട നടപടി സ്വീകരിക്കാൻ സ്ഥാപനം തയാറായില്ല. പൊലീസിൽ പരാതി നൽകുമെന്നായപ്പോൾ ജീവനക്കാർ തട്ടിക്കയറിയെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുപോലും വായ്പ ലഭിക്കാത്തഅവസ്ഥയിലാണ് പലരും.

Tags:    
News Summary - Complaint against private money transfer institution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.