കൃഷിയുടെ പര്യായമായ ആർ. ഹേലി

തിരുവനന്തപുരം: കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പിന്‍റെ മുന്‍ ഡയറക്ടറും കേരള സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗവുമായിരുന്നു ആര്‍. ഹേലി. കഴിഞ്ഞ ആറ് പതിറ്റാണ്ടോളം കേരളത്തിൻെറ കാർഷിക മേഖലക്ക്​ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിത്വം. കേരളത്തിൽ കൃഷിയുടെ പര്യായമായി അറിയപ്പെട്ട പേര്. കേന്ദ്ര കൃഷി മന്ത്രാലയത്തിൻെറ വിവിധ സമിതികളിൽ അംഗമായിരുന്നു.

മന്ത്രി കെ.പി. മോഹനൻെറ കാലത്ത് കാർഷിക നയം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കർഷകന് ലാഭത്തിൻെറ അവകാശം നൽകണമെന്ന് ആശയം മുന്നോട്ടുവെച്ചത് അദ്ദേഹമാണ്. കേരളത്തിലെ പച്ചക്കറി കൃഷി വ്യാപനത്തിന് ഏറ്റവും വലിയ സംഭാവന ചെയ്ത വിദഗ്ദന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം ആര്‍.ഹേലി എന്നാണ്. ഇത് പറഞ്ഞത് മന്ത്രി ടി.എം. തോമസ് ഐസക്കാണ്.

1995 ല്‍ കഞ്ഞിക്കുഴിയിലെ കാര്‍ഷിക ഇടപെടലിനെ കുറിച്ച് അദ്ദേഹം വായിച്ചറിഞ്ഞത് ആര്‍.ഹേലി എഴുതിയ 'ജനകീയ ഓണത്തിന് ജനകീയ പച്ചക്കറി' എന്ന ലേഖനത്തില്‍ നിന്നാണ്. ഹേലിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിൻെറ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ജനകീയ പച്ചക്കറി ക്യാമ്പയിന് തുടക്കമിട്ടത്.1990 ല്‍ റിട്ടയര്‍ ചെയ്ത ശേഷവും ഹേലി കാർഷിക മേഖലയിൽ സജീവമായി ഇടപെട്ടു.

സമഗ്രമായൊരു അഴിച്ചുപണിയിലൂടെ മാത്രമെ നമ്മുടെ കാർഷിക മേഖലയിൽ വളർച്ചയുണ്ടാക്കാനാവുയെന്ന് അദ്ദേഹം നിരന്തരം പറഞ്ഞു. കാർഷികമേഖലയിൽ തയാറാക്കുന്ന പാക്കേജുകൾ കാര്യക്ഷതയോടെ നടപ്പാക്കണമെങ്കിൽ ആദ്യം വേണ്ടത് വകുപ്പുകൾ തമ്മിലുള്ള ഏകോപനമാണെന്ന് അദ്ദേഹം വാദിച്ചു. കാർഷിക പാക്കേജുകളിൽ റവന്യു, കൃഷി, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി 17 ഓളം ഏജൻസികൾക്ക് പങ്കാളിത്തമുണ്ട്. അതിനാൽ ഏകോപിച്ചുള്ള പ്രവർത്തനം പരമപ്രധാനമാണ്.

കൃഷിയും ജലസേചനവും രണ്ടു തട്ടിൽ നിന്നാൽ ഒന്നും നടക്കില്ല. അത് സർക്കാർ ഇച്ഛാശക്​തിയോടെ ഏറ്റെടുക്കേണ്ട കാര്യമായിരുന്നു. പദ്ധതികളുടെ നടത്തിപ്പ് നിയന്ത്രിക്കാനോ നിർദേശം നൽകാനോ പ്രത്യേക ഏജൻസിയുണ്ടായില്ല. ഇതൊക്കെ കേരളത്തിലെ കാർഷി മേഖലയുടെ തളർച്ചക്ക് വഴിവെട്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്രദേശങ്ങളിലും ജനങ്ങൾ കാർഷിക പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടത്തും.

എന്നാൽ, കർഷകരെ മാറ്റിനിർത്തി രാഷ്ട്രീയക്കാർ അരങ്ങ് കൈയടക്കും. ഓരോ രാഷ്ട്രീയപാർട്ടിക്കാരും കർഷകരെ വിതം വെച്ചെടുക്കും. എല്ലാ പാർട്ടിക്കാർക്കും പോഷകസംഘനയായി കർഷക സംഘനയുണ്ട്. അവരെല്ലാം യോഗങ്ങൾ കീഴടക്കും. കാർഷകരുടെ യോഗം വിളിച്ചാൽ 80 ശതമാനവും രാഷ്ട്രീയക്കാരാവും. അവർ പദ്ധതി നടത്തിപ്പിൻെറ വഴിമുടക്കികളാവും. എന്നാൽ ജനാധിപത്യപരമായ ചർച്ചകളെ രാഷ്ട്രീയക്കാർ പലപ്പോഴും അനുവദിക്കില്ലെന്നും അദ്ദേഹം 'മാധ്യമം' അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

പരിസ്ഥിതി നശിപ്പിക്കാത്ത വികസനത്തെക്കുറിച്ചുള്ള ചിന്തയാണ് കുട്ടനാട് പാക്കേജിൽ അദ്ദേഹത്തെ എത്തിച്ചത്. ഡോ. സ്വാമിനാഥൻെറ നിയന്ത്രണത്തിലുള്ള പഠന സംഘത്തിൽ ഡോ. രത്നം, ഡോ. ​െജയിംസ്, ഡോ. കെ.ജി പത്മകുമാർ, ഡോ. കൃഷ്ണദാസ് എന്നിവർക്കൊപ്പം അദ്ദേഹവും അംഗമായി. കുട്ടനാട്ടിലെ കായൽ കൈയേറിയും ജലപ്പരപ്പ് ചുരുക്കിയും യാതൊന്നും അനുവദിക്കരുതെന്ന അദ്ദേഹം വാദിച്ചു. എന്ത് വികസനത്തിൻെറ പേരിലായാലും അത് അനുവദിച്ചാൽ ആപത്താണ്.

വേമ്പനാട്ട് കയലിൻെറ വിസ്​തീർണം കുറയുകയാണ്. ഇനിയും അത് കുറയാൻ അനുവദിക്കരുത്. പലതരത്തിലുള്ള കൈയേറ്റങ്ങളും നടക്കുന്നത് സർക്കാർ സംവിധാനം കണ്ണടക്കുന്നതുകൊണ്ടാണ്. പാടത്തിന് നടുവിലൂടെ റോഡ് വെട്ടിയുള്ള വികസനം നടത്തിയപ്പോഴാണ് കുട്ടിനാട് പാക്കേജ് തട്ടിൻപുറത്തായതെന്നും അദ്ദേഹം വിലയിരുത്തി.

പരിസ്ഥിതി പൂർണമായും തകർക്കുന്ന പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. കുട്ടനാടിനെ കരിങ്കൽ കാടാക്കരുതെന്നും ജൈവസമ്പത്തിനെ നിലനിർത്തി ജൈവരീതിയിലുള്ള നിർമ്മാണത്തിന് മുൻതൂക്കം നൽകണമെന്നും റിപ്പോർട്ട് നൽകിയിട്ടും നടത്തിപ്പ് അങ്ങനെയായില്ല. നടന്ന പ്രവർത്തനങ്ങളുടെ മോണിറ്ററിങ് സർക്കാർ നടത്തിയിട്ടില്ല. കുട്ടനാടിന് പ്രത്യേക വികസന അതോറിറ്റി വേണം. അതിനായി നിയമസഭയിൽ ബില്ല് അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക ക്ഷേമത്തിനായിരിക്കണം സർക്കാർ മുൻതൂക്കം നൽകേണ്ടത്. 'ജയ് കിസാൻ' എന്ന മുദ്രാവാക്യം നാട് മറന്നിരിക്കുന്നു. ഇക്കാര്യത്തിൽ നമ്മൾ ജപ്പാനെ കണ്ട്്് പഠിക്കണമെന്നായിരുന്നു ഹേലിയുടെ അഭിപ്രായം. കാർഷികോപകരണങ്ങൾക്ക് അവിടെ നികുതിയില്ല. ഇവിടെയും നികുതി ഇളവ് അനുവദിക്കണം. കർഷകന് ഒരുതവണ സഹായം നൽകി പിന്നീട് സഹായം നൽകാത്ത പിരിപാടി സർക്കാർ നടപ്പാക്കരുത്. കൃഷിക്കാരെ ഇവിടെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്. കൃഷിയുടെ അനുഭവസമ്പത്തുള്ള കൃഷിക്കാരെ നാം ബഹുമാനിക്കണം. അവരുടെ അനുഭവങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ട്. കൃഷിക്കാരോടുള്ള ഉദ്യോഗസ്ഥരുടെ സമീപനത്തിലും മാറ്റം വരണം. കൃഷിഭവനുകൾ കൃഷിക്കാർക്കുള്ളതാണ്. ജലസംഭരണികളായ വയലുകൾ നിലനിർത്തണമെന്ന അദ്ദേഹത്തിൻെറ ആശയങ്ങൾ കേരളം ഇപ്പോഴും ഉൾക്കൊണ്ടിട്ടില്ല.

ആർ. ഹേലി എഴുതി തയ്യാറാക്കിയ ഒരു സമ്പൂർണ കാർഷിക കൃതിയാണ് `കൃഷിപാഠം സമ്പൂർണ കാർഷിക വിജ്ഞാന ഗ്രന്ഥം ' . കൃഷിയുടെ ആദിമ ചരിത്രം മുതൽ ആധുനിക കൃഷിരീതികൾ വരെ സമഗ്രമായി പ്രതിപാദിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിൽ കേരള കാർഷിക മേഖലയുടെ വളർച്ചയും വികാസവും വിശദമായി പറയുന്നുണ്ട് . കാർഷിക വിജ്ഞാനത്തിൽ അരനൂറ്റാണ്ടിലേറെ അനുഭവ പരിജ്ഞാനമുള്ള ഗ്രന്ഥകാരൻ കാർഷിക മേഖലയുടെ സൂക്ഷ്​മതല സങ്കീർണതകളെ കൃത്യമായി വരച്ചുകാട്ടുന്നു.

കേരളത്തിലെ പ്രധാന വിളകൾ, കാർഷിക പ്രവർത്തനങ്ങൾ, സാധ്യതകൾ, കാർഷിക സമ്പദ്​വ്യവസ്ഥ, വിപണി തുടങ്ങി സമസ്ത മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകം.

കോവിഡ് വ്യാപനമുണ്ടായപ്പോൾ അദ്ദേഹം 'മാധ്യമ'ത്തിലേക്ക് വിളിച്ചു. പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന വിഷമം പങ്കുവെച്ചു. അദ്ദേഹം വിലക്ക് ലംഘിച്ച് പുറത്തിറങ്ങി. പൊലീസ് വീട്ടിൽ എത്തിച്ചിട്ട് പുറത്തിങ്ങരുതെന്ന നിർദേശം നൽകി. മാധ്യമങ്ങൾ പൗരാവകാശം ലംഘിക്കുന്ന ഈ നടപടിയിൽ ഇടപെടണമെന്നായിരുന്നു അദ്ദേഹം അവസാനം ആവശ്യപ്പെട്ടത്. കാർഷികമേഖലയുടെ വളർച്ചക്കായി നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങരുതെന്ന് നിർദേശം അസ്വാതന്ത്ര്യമായി അനുഭവപ്പെട്ടു. ഈഴവ സമുദായത്തിൽ നിന്നും തിരുവിതാംകൂർ സർവീസിൽ നിയമിതനായ ആദ്യ ഗസറ്റഡ് ഓഫീസറും എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറിയുമായിരുന്ന പി.എം. രാമൻെറ മകനാണ്‌ ഇദ്ദേഹം.

അച്ഛൻ വിദ്യാഭ്യാസ ലഭിക്കുന്നതിനായി തിരുവിതാംകൂറിൽ പോരാട്ടം തന്നെ നടത്തിയിരുന്നു. ശ്രീനാരായണ ഗുരുവായിരുന്നു അച്ഛൻെറ കുടുംബ സുഹൃത്ത്. ആ സന്ദേശങ്ങളായിരുന്നു വഴികാട്ടി. അക്കാലത്ത് നാരായണ ഗുരുമൊത്ത് കുടുംബാംഗങ്ങൾ നിൽക്കുന്ന ഫോട്ടോ ഇപ്പോഴും വിലപ്പെട്ടൊരു ചരിത്ര രേഖയായി ഹേലി ആറ്റിങ്ങലിൽ സൂക്ഷിച്ചിട്ടുണ്ട്.

Tags:    
News Summary - commemmorating r heli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.