തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിന് കൈപൊള്ളിയ പി.എം ശ്രീ പദ്ധതി മന്ത്രിസഭ യോഗം പരിഗണിക്കുന്നു. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമോ എന്ന ചർച്ച മുറുകുന്നതിനിടെ അടുത്ത മന്ത്രിസഭ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി കൊണ്ടുവരാനാണ് ശ്രമം. ഇതിനായി പ്രത്യേക കുറിപ്പ് തയാറാക്കാൻ നിർദേശം നൽകിയതായാണ് വിവരം.
പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി നൽകിയ റിപ്പോർട്ടുകൂടി പരിഗണിച്ചുള്ള കുറിപ്പായിരിക്കും മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കുക. അതിനുശേഷം വിഷയം നയപരമായ തീരുമാനത്തിന് യു.ഡി.എഫിന് വിടാനാണ് ധാരണ. യു.ഡി.എഫ് ചർച്ചചെയ്ത ശേഷം വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരും. വിഷയത്തിൽ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് അറിയിച്ചതോടെയാണ് മന്ത്രിസഭ പരിഗണിക്കുന്നത്.
2025 ഒക്ടോബർ 16ന് പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെ സമഗ്രശിക്ഷ പദ്ധതിയിൽ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ച 2025-26ലെ ആദ്യഗഡുവായ 92.28 കോടി രൂപ കേരളത്തിന് അനുവദിക്കുകയുംചെയ്തു. എന്നാൽ, മന്ത്രിസഭയെയും എൽ.ഡി.എഫിനെയും അറിയിക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് വിവാദമായി.
മുന്നണിയിൽ സി.പി.ഐ പ്രതിഷേധമുയർത്തിയതോടെ ഒത്തുതീർപ്പിന്റെ ഭാഗമായി വിഷയം പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കാനും അതുവരെ പദ്ധതി നടപ്പാക്കുന്നത് നിർത്തിവെക്കുകയാണെന്ന് കേന്ദ്രസർക്കാറിനെ അറിയിക്കാനും തീരുമാനിച്ചു. ഇതുപ്രകാരമുള്ള കത്ത് നൽകിയിട്ട് ഏഴ് മാസത്തോളമായി. ഇതിനിടെ സംസ്ഥാനത്ത് ഭരണം മാറി. തീരുമാനം വൈകിയതോടെ കരാറിൽ തുടർനടപടികൾക്കായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ സമ്മർദമുണ്ട്.
ധാരണാപത്രത്തിൽനിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാറിനോ വിദ്യാഭ്യാസ മന്ത്രാലയത്തിനോ സ്കൂൾ വിദ്യാഭ്യാസ വകുപ്പിനോ മാത്രമേ കരാറിൽനിന്ന് പിന്മാറാനോ ഭേദഗതി വരുത്താനോ കഴിയൂവെന്ന് ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ പരസ്പര സമ്മതത്തോടെ കരാറിൽ ഭേദഗതി വരുത്താനും വ്യവസ്ഥയുണ്ട്. കരാർ സംബന്ധിച്ച നിയമവശങ്ങൾകൂടി പരിശോധിച്ചശേഷമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.