കലക്ടർ ജി. പ്രിയങ്കയും നഞ്ചിയമ്മയും

കലക്ടർ നഞ്ചിയമ്മയുടെ വീട്ടിൽ; ഭൂമി അന്യാധീനപ്പെട്ടത് പരിശോധിക്കുമെന്ന് ഉറപ്പ്

കോഴിക്കോട്: പാലക്കാട് കലക്ടർ ജി. പ്രിയങ്ക അട്ടപ്പാടിയിലെ ഗായിക നഞ്ചിയമ്മയുടെ വീട്ടിലെത്തി. ഇന്നലെ ചുമതലയേറ്റ കലക്ടർ ഇന്ന് രാവിലെ 11ഓടെയാണ് നഞ്ചിയമ്മയുടെ വീട്ടിലെത്തിയത്. കുടുംബഭൂമി അന്യാധീനപ്പെട്ടത് അടക്കം കലക്ടർ നഞ്ചിയമ്മയുമായി സംസാരിച്ചു.

കലക്ടർ വരുന്നുണ്ടെന്ന് അറിഞ്ഞ നഞ്ചിയമ്മ പരാതി എഴുതി തയാറാക്കി കാത്തിരിക്കുകയായിരുന്നു. വ്യാജനികുതി രസീത് ഉണ്ടാക്കി തന്റെ കുടുംബഭൂമി കൈയേറിയവർക്കെതിരെ ക്രിമനൽ നടപടി സ്വീകരിക്കണമെന്നും അട്ടപ്പാടിയിലെ ആദിവാസി മക്കളുടെ ഭൂമി സംരക്ഷിക്കണമെന്നും നഞ്ചിയമ്മ പരാതിയിൽ ആവശ്യപ്പെട്ടു. പരാതി ഗൗരവപൂർവം പരിഗണിക്കുമെന്നും ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച കേസ് പഠിച്ച ശേഷം നടപടി സ്വീകരിക്കാമെന്നും നഞ്ചിയമ്മക്ക് ഉറപ്പ് നൽകിയാണ് കലക്ടർ മടങ്ങിയത്.

 

ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മന്ത്രി കെ. രാജൻ നൽകിയ മറുപടിയുടെ പകർപ്പും കലക്ടറെ ഏൽപ്പിച്ചു. മുൻ കലക്ടർ മൃൺമയി ജോഷിക്കു മുന്നിൽ മാരിമുത്തു നൽകിയ മൊഴിയുടെ പകർപ്പും അതിലുണ്ട്. കെ.വി മാത്യു ഭൂമി തട്ടിയെടുക്കാൻ മാരിമുത്തുവന്റെ പേരിൽ അഗളി വില്ലേജ് ഓഫീസിലെ വ്യാജ നികുതി രസീതാണ് ഹാജരാക്കിയതെന്ന വില്ലേജ് ഓഫിസർ ഉഷാകുമാരി നൽകിയ മൊഴിയും നിയമസഭ രേഖകളിൽ ഉണ്ടായിരുന്നു.

നഞ്ചിയമ്മ കുടുംബഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് കെ.കെ. രമ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് മന്ത്രി കെ. രാജൻ ഇത് സംബന്ധിച്ച അന്വേഷണത്തിന് നിർദേശം നൽകിയത്. അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമീഷണറുടെ മേൽ നോട്ടത്തിൽ മധ്യമേഖല റവന്യൂ വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തിയത്. അവർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പും നഞ്ചിയമ്മ കലക്ടർക്ക് കൈമാറി.

കര്‍ണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. സാമൂഹ്യ നീതി വകുപ്പ്- വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എൻജിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

അട്ടപ്പാടിയിലെ ഭൂമാഫിയയുടെ സമ്മർദത്തെ തുടർന്നാണ് ഡോ. എസ്. ചിത്രയുടെ കസേര ഇളകിയതെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ പ്രഖ്യാപിച്ചപ്പോഴാണ് പുതിയ കലക്ടർ ജി. പ്രിയങ്ക നഞ്ചിയമ്മയുടെ വീട് സന്ദർശിച്ചത്. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത് സംബന്ധിച്ച് ഉന്നതതല സംഘം അന്വേഷിക്കണമെന്നാണ് പട്ടികവർഗ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്മേൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് അട്ടപ്പാടിയിലെ ആദിവാസികൾ ഉറ്റുനോക്കുന്നത്.    

Tags:    
News Summary - Collector G. Priyanka reaches her aunt's house; Assured to inspect alienated land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.