മാവോവാദി വേൽമുരുകന്‍റെ മരണം കലക്ടര്‍ അദീല അബ്ദുള്ള അന്വേഷിക്കും

കൽപ്പറ്റ: വയനാട്ടിൽ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള അന്വേഷിക്കും. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മീന്മുട്ടിക്കു സമീപം  നടന്ന പൊലീസ് വെടിവെപ്പിലാണ് മാവോവാദി വേൽമുരുകൻ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്‍റെ ബന്ധുക്കൾ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴി വേല്‍മുരുകന്‍റെ സഹോദരന്‍ മുരുകനാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്നാണ് കുടുംബത്തിന്‍റെ വാദം.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആയുധങ്ങള്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. വേൽമുരുകന്‍റെ മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ച 303 റൈഫിളും വെടിവെക്കാന്‍ തണ്ടര്‍ ബോള്‍ട്ട് ഉപയോഗിച്ച തോക്കുകളുമാണ് പൊലീസ് ഹാജരാക്കിയത്. രണ്ട് ബുള്ളറ്റുകളും നാല്‍പ്പതോളം മുറിവുകളും വേല്‍മുരുകന്‍റെ ശരീരത്തിലുണ്ടായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.