വടകര: രാത്രി ഏഴുമണിക്ക് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കുന്നത് സജീവ പരിഗണനയിലുണ്ടെന്ന് ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ അറിയിച്ചതായി വടകര എം.പി ഷാഫി പറമ്പിൽ. ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് ഷാഫി നേരത്തെ നിവേദനം നൽകിയിരുന്നു. പാലക്കാട് വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യം പരിഗണനയിലുള്ളതായി റെയിൽവേ ജനറൽ മാനേജർ അറിയിച്ചത്.
കോഴിക്കോട് നിന്ന് വൈകീട്ട് 06.30 ന് ശേഷം വടക്ക് ഭാഗത്തേക്ക് രാത്രി പത്ത് മണി വരെ ട്രെയിനുകളില്ല. ഈ സാഹചര്യത്തിലാണ് കോയമ്പത്തൂരിൽനിന്ന് മംഗലാപുരത്തേക്ക് പുതിയ ഇന്റർസിറ്റി എക്സ്പ്രസ് രാത്രി 7 മണിക്ക് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ സമയ ക്രമീകരണം നടത്തി അനുവദിക്കണമെന്ന് കാണിച്ച് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ - മംഗലാപുരം റൂട്ടിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കുന്നത് റെയിൽവേയുടെ സജീവ പരിഗണനയിലുള്ളതായി ജനറൽ മാനേജർ അറിയിച്ചു. ഇതേ ട്രെയിൻ കാലത്ത് മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന തരത്തിൽ ക്രമീകരിച്ചാൽ ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങൾക്ക് ഉൾപ്പടെ നിരവധി പേർക്ക് വലിയ ആശ്വാസമാകുമെന്ന് എം.പി അഭിപ്രായപ്പെട്ടു. കൂടാതെ പരശുറാം എക്സ്പ്രസിലെ യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് ഒരു പുതിയ കോച്ച് കൂടി അനുവദിക്കാമെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്. യോഗത്തിൽ റെയിൽവെയുമായി ബന്ധപ്പെട്ട് വടകര പാർലമെന്റ് നിയോജക മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ഉന്നയിച്ചു.
എൻ എസ് ജി 3 കാറ്റഗറിയിൽപെട്ട കൊയിലാണ്ടി സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ലിഫ്റ്റ്, സി സി ടി വി, ആധുനിക അനൗൺസ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നുണ്ട്. സ്റ്റേഷന്റെ പൂർണമായ നവീകരണം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അതിന് സാങ്കേതികമോ, ഭരണപരമോ ആയ കാലതാമസം ഉണ്ടെങ്കിൽ തുല്യമായ മറ്റു വികസനപദ്ധതികളിൽ ഉൾപ്പെടുത്തി പ്രവർത്തനം നടത്തണമെന്നും ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് റെയിൽവേ GM ഉറപ്പ് നൽകി.
കൊയിലാണ്ടി നല്ല വളർച്ചയും സാധ്യതകളുമുളള സ്റ്റേഷൻ ആയത് കൊണ്ട് തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ഇൻറർസിറ്റി ഉൾപ്പടെ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതും സജീവമായി പരിഗണിക്കുമെന്നും റെയിൽവേ ബോർഡ് അംഗീകാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗലാപുരം - രാമേശ്വരം എക്സ്പ്രസ് ജൂണിൽ തന്നെ സർവീസ് ആരംഭിക്കുവാൻ ശ്രമിക്കുമെന്നും, നമ്മുടെ ആവശ്യം പരിഗണിച്ച് കോയമ്പത്തൂർ - മംഗലാപുരം പുതിയ വന്ദേഭാരതിന്റെ ഫീസിബിലിറ്റി പഠിക്കുമെന്നും യോഗത്തിൽ ജനറൽ മാനേജർ അറിയിച്ചു.
നേരത്തെ ഉത്തരവായ മഡ്ഗാവ് - മംഗലാപുരം വന്ദേഭാരത് പകൽ സമയത്ത് കോഴിക്കോട് വരെ നീട്ടുന്നത് നടപ്പിലാക്കുവാൻ ഇനി വൈകരുതെന്ന് എംപി മാർ ഒന്നടങ്കം ആവശ്യപ്പെട്ടു.
കോവിഡിന് ശേഷം മുക്കാളി - നാദാപുരം റോഡ് - ഇരിങ്ങൽ - ചേമഞ്ചേരി - വെള്ളറക്കാട് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് റദ്ദാക്കിയത് മൂലം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടി കാണിച്ചു. സ്റ്റേഷനുകളിൽ വരുമാനം കുറഞ്ഞത് കൊണ്ടാണ് സ്റ്റോപ്പുകൾ നിർത്തലാക്കിയത് എന്ന റെയിൽവേയുടെ നിലപാടിനെ ശക്തമായി എതിർക്കുകയും കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ സ്റ്റേഷനുകളിൽ നേരത്തെ ഉണ്ടായിരുന്ന വരുമാനം ട്രെയിനുകൾ നിർത്തലാക്കിയതിന് ശേഷം നാലിലൊന്നായി കുറഞ്ഞതായും ചൂണ്ടിക്കാണിച്ചു. ഈ സ്റ്റേഷനുകളിലെ മുഖ്യ വരുമാന സ്രോതസ്സായിരുന്ന കണ്ണൂർ - കോയമ്പത്തൂർ (16607-16608) എക്സ്പ്രസ്സിനുള്ള സ്റ്റോപ്പുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
വരുമാനത്തിന്റേയും യാത്രക്കാരുടേയും വർദ്ധനവിന്റെ അടിസ്ഥാനത്തിൽ എൻ എസ് ജി 3 കാറ്റഗറിയിലേക്ക് ഉയർത്തപ്പെട്ട തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിലെ വൈരുധ്യം ചർച്ചയിൽ ഉന്നയിച്ചപ്പോൾ സ്റ്റോപ്പ് അനുവദിക്കുവാനുള്ള പൂർണമായ അധികാരം റെയിൽവേ ബോർഡിനാണെന്നും അവരുമായി ആശയവിനിമയം നടത്തി ഉടൻ തന്നെ തീരുമാനം അറിയിക്കാമെന്നും ജനറൽ മാനേജർ പറഞ്ഞു.
തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ഉണ്ടായിരുന്ന നടപ്പാത കോവിഡ് കാലത്ത് അടച്ചു പൂട്ടുകയും, പിന്നീട് പുനഃസ്ഥാപിക്കാതെ ഇരിക്കുകയും ചെയ്തത് മൂലം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉന്നയിച്ചു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ റെയിൽവേയുടെ പോർട്ടലിൽ അപേക്ഷ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറക്ക് പരിശോധിച്ചു ഉചിതമായ തീരുമാനം എടുക്കുന്നതാണെന്നും ജനറൽ മാനേജർ പറഞ്ഞു.
തലശ്ശേരി മൈസുരു റെയിൽ പാത GM തലത്തിൽ എടുക്കേണ്ട തീരുമാനമല്ല, അതിൻ്റെ ഫോളോ അപ്പ് റെയിൽവേ മന്ത്രിയുമായി ബന്ധപ്പെട്ട് ചെയ്യുന്നുണ്ട്.
ജഗന്നാഥ ടെമ്പിൾ, ഇരിങ്ങൽ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോമുകളുടെ ഉയരക്കുറവ് മൂലം ഉണ്ടാകുന്ന പ്രയാസങ്ങളും അപകട സാധ്യതകളും ഉന്നയിച്ചു. ജഗന്നാഥ ടെമ്പിൾ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളും ഉയർത്താൻ തീരുമാനമായതായും, ഇരിങ്ങൽ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മറ്റു പ്ലാറ്റ്ഫോമുകളുടെ നവീകരണ പദ്ധതിയിൽ ഉൾപെടുത്താൻ കഴിയുമോ എന്ന കാര്യം സാങ്കേതിക വശങ്ങൾ പരിശോധിച്ച് അറിയിക്കും. പൂർണ പ്ലാറ്റ്ഫോം നിർമാണം സാധ്യമല്ലെങ്കിൽ പകരം മറ്റു ക്രമീകരണങ്ങൾ നടത്തണമെന്ന് നിർദേശിച്ചു.
തലശ്ശേരി, വടകര, കൊയിലാണ്ടി റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ സർവിസ് നിർത്തിയതുമൂലമുള്ള പ്രയാസങ്ങൾ വ്യാപാരി സംഘടനകളും തൊഴിലാളികളും എം.പിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇക്കാര്യത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവിസ് നില നിർത്തുമെന്നും മറ്റു രണ്ടിടങ്ങളിലും വരുമാനം തീരെ കുറഞ്ഞതിനാൽ പ്രവർത്തനം തുടരുവാൻ കഴിയില്ലെന്നും റെയിൽവേയുടെ ഭാഗത്ത് നിന്ന് അറിയിച്ചു. എന്നാൽ മൂന്ന് സ്റ്റേഷനുകളിലും ലഗേജ് ബുക്കിങ് നിർത്തലാക്കിയിട്ടില്ല എന്നും വ്യക്തമാക്കി.
വടകര റെയിൽവേ സ്റ്റേഷന് അടുത്തുള്ള അരങ്ങിൽ അണ്ടർപാസ്സ്, നന്ദി അണ്ടർപാസ്സ് എന്നിവ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പൊതുജന ആവശ്യം ഉന്നയിച്ചപ്പോൾ നന്ദിയിൽ ഡെപ്പോസിറ്റ് വർക്കായി പ്രവർത്തനം നടത്താമെന്നും അരങ്ങിൽ അണ്ടർപാസിന്റെ കാര്യത്തിൽ കൂടുതൽ സാങ്കേതിക പരിശോധന ആവശ്യമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.