വിജിലൻസ് പിടികൂടിയ കൊച്ചിൻ കോർപറേഷൻ ഉദ്യോഗസ്ഥ സ്വപ്നയെ സസ്‌പെൻഡ് ചെയ്യും

കൊച്ചി: കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ എ. സ്വപ്നയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയാണിവർ. കൊച്ചി മേയർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 15,000 രൂപയാണ്​ ഇവർ ആവശ്യപ്പെട്ടത്​. ബുധനാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിൽവെച്ച് കെട്ടിട നിർമാണ പെർമിറ്റിനായി പണം വാങ്ങുമ്പോഴായിരുന്നു നാടകീയമായി വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. തൃശൂർ വിജിലൻസ് സ്പെഷൽ ജഡ്ജ് ജി. അനിലിന് മുന്നിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലൻസ് സംഘം. വൈറ്റിലയിലെ കോർപറേഷൻ സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തു. നേരത്തേ നൽകിയ ബിൽഡിങ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോർപറേഷൻ സോണൽ ഓഫിസിലെ എൻജിനീയറിങ് ആൻഡ് ടൗൺ പ്ലാനിങ് വിഭാഗത്തിൽ വിജിലൻസ് സി.ഐ ഫിറോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്. അതിനിടെ, സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

Tags:    
News Summary - Cochin Corporation officer Swapna, caught by Vigilance, will be suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.