കോഴിക്കോട്: ചേവായൂരിൽ സംഭവിച്ചത് പോലുള്ള അട്ടിമറി ഇനി മറ്റേതെങ്കിലും സഹകരണ ബാങ്കിൽ ആവർത്തിച്ചാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് അട്ടിമറിയിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസിന്റെ കമീഷണർ ഓഫീസ് മാർച്ച് കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ചേവായൂർ പോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടായാൽ ബാങ്കുകളിൽ നിന്നും നിക്ഷേപിച്ച പണം കോൺഗ്രസ് അനുഭാവികൾ കൂട്ടത്തോടെ പിൻവലിക്കും. അങ്ങനെയെങ്കിൽ അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനും സിപിഎമ്മിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൊലീസ് സഹായത്തോടെ അട്ടിമറിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് കമീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് മണിക്കൂറോളം പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസിന് നേരെ കല്ലേറുമുണ്ടായി.
ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വാഹനത്തിന് മുന്നിലും പ്രവർത്തകർ വലിയ പ്രതിഷേധം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമായിരുന്നു കമീഷണർ ഓഫീസിനു മുന്നിൽ നിലയുറപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.