കോട്ടയം: രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരുവിഭാഗത്തിന്റെ യോഗത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കൈയടി വാങ്ങിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്ന് ഓര്‍ത്തഡോക്സ് സഭ.
നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറുന്നത് വേദനാജനകമാണെന്നും സഭ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ട സഭ വിഷയത്തില്‍ പുതിയ നിയമപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് പുത്തന്‍കുരിശില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പ്രകടമാകുന്നത്. ‘ആട്ടിന്‍ തോലിട്ട ചെന്നായ്’പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
മലങ്കര മെത്രാപ്പോലീത്ത സ്ഥാനം അന്ത്യോഖ്യ പാത്രിയര്‍ക്കിസ് പ്രഖ്യാപിച്ചു എന്നത് വിചിത്രമാണ്. സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ എത്തിയ ഒരാള്‍ ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ആഹ്വാനം പരസ്യമായി നടത്തുന്നത് നിയമലംഘനമാണെന്നും ഇവർ ആരോപിച്ചു. സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കൊനാട്ട്, പി.ആര്.ഒ ഫാ. മോഹന്‍ ജോസഫ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.