തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിർണയത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ഇടപെട്ടുവെന്ന സംവിധായകൻ വിനയന്‍റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സാംസ്കാരിക വകുപ്പിനോടാണ് മുഖ്യമന്ത്രിയുടെ നിർദേശം. വിനയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ജൂറിയുടെ തീരുമാത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലാണ് വിനയൻ ആരോപണം ഉന്നയിക്കുന്നത്. തെളിവുകൾ തന്റെ പക്കലുണ്ടെന്നും, വേണ്ടിവന്നാൽ അത് മാധ്യമങ്ങൾക്ക് കൈമാറുമെന്നും വിനയൻ പറയുന്നു. മുഖ്യമന്ത്രിക്ക് വിനയൻ ഓഡിയോ റെക്കോഡ് അടക്കമാണ് പരാതി നൽകിയത്. അവാർഡ് നിർണയത്തിൽ അന്വേഷണം വേണമെന്നും അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും വിനയൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ഘട്ടത്തിൽ ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ പുരസ്കാര പട്ടികയിൽനിന്ന് ഒഴിവാക്കാൻ രഞ്ജിത് ശ്രമിച്ചുവെന്ന വിനയ ന്റെ ആരോപണത്തിന് കൂടുതൽ പേർ പിന്തുണയുമായി എത്തിയതോടെയാണ് വിനയൻ നിലപാട് കടുപ്പിച്ചത്.
അന്തിമ പുരസ്കാര വിധി നിർണയ ജൂറി അംഗങ്ങളായിരുന്ന ജെൻസി ഗ്രിഗറിയും നേമം പുഷ്പരാജും ആരോപണങ്ങൾ ശരിവെച്ച് രംഗത്തെത്തിയതോടെയാണ് രഞ്ജിത് കൂടുതൽ പ്രതിരോധത്തിലായത്. നേമം പുഷ്പരാജിന്റെ ശബ്ദരേഖ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടാണ് വിനയൻ സർക്കാർ നടപടി ആവശ്യപ്പെട്ടത്.
അതിനിടെ രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാനെതിരേയും വിനയന്‍ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടോ എന്ന ചോദ്യം രഞ്ജിത്തിനോടാണ് അതില്‍ മന്ത്രി മറുപടി പറയേണ്ടതില്ല. അക്കാദമി ചെയര്‍മാന് സാംസ്കാരിക മന്ത്രി ക്ലീന്‍ ചിറ്റ് കൊടുത്തെങ്കില്‍ രഞ്ജിത്തിന് പിന്നെ പ്രശ്നം ഒന്നും ഇല്ലല്ലോ.
അവാർഡ് നിർണ്ണയത്തിന്‍റെ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ എന്നും പിന്നെയെങ്ങനെ ചെയർമാൻ ഇടപെട്ടില്ലെന്ന് പറഞ്ഞുവെന്നും വിനയൻ ചോദിക്കുന്നു. രഞ്ജിത്തിനെതിരെ ജൂറി അംഗമായ നേമം പുഷ്പരാജ് ഉയര്‍ത്തിയ ആരോപണം അന്വേഷിക്കണമെന്നും വിനയൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.