യു.കെ, നോർവേ, യു.എ.ഇ സന്ദർശനത്തിനുശേഷം അബുദാബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ ജോലി ചെയ്യുന്ന മകൻ വിവേക് കിരണിനെ സന്ദർശിച്ചു. സ്വകാര്യസന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം അബൂദാബിയിൽ എത്തിയത്. ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടൻ മമ്മുട്ടിയെയും മുഖ്യമന്ത്രി കണ്ടു. ഇന്നു രാത്രി 9.30 നുള്ള എമിറേറ്റ്സ് വിമാനത്തിൽ കേരളത്തിലേക്കു തിരിക്കുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചയോടെ നാട്ടിൽ എത്തും.
ബുധനാഴ്ച രാവിലെ 6.30ന് ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു പ്രതിനിധി എത്തിയിരുന്നു. എമിറേറ്റ്സ് വിമാനത്തിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. വി.ഐ.പി വാതിലിലൂടെ പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ ഹോട്ടലിൽ എത്തിക്കാൻ മലയാളി സ്ഥാപനത്തിന്റെ വാഹനം എത്തിയിരുന്നു.
ബുധനാഴ്ച ദുബൈയിലെത്തിയ അദ്ദേഹം പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. സന്ദർശകരേയും കാര്യമായി അനുവദിച്ചില്ല. മകനെ സന്ദർശിച്ചശേഷം അദ്ദേഹം തിരികെ ദുബൈയിലെ ഹോട്ടലിലെത്തി. സ്വകാര്യ സന്ദർശനമായതിനാൽ ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നുമുണ്ടായിരുന്നില്ല. മൂന്നുദിവസം വിശ്രമത്തിനായാണ് അദ്ദേഹം ദുബൈയിൽ എത്തിയത്. മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ ഒന്നുമുതൽ ഫിൻലൻഡ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നു ഫിൻലൻഡ് ഒഴിവാക്കി മറ്റു രാജ്യങ്ങളാണു സന്ദർശിച്ചത്. ഇതിനിടെ മന്ത്രിസഭാ യോഗത്തിലും അദ്ദേഹം ഓൺലൈനായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.