അശ്വതി നായർ, സിതാര
കോഴിക്കോട്: ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ പുസ്തകത്തിനെതിരെ എം.ടി. വാസുദേവൻ നായരുടെ മക്കൾ. പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്നും എം.ടിയുടെ മക്കളായ സിതാരയും അശ്വതി നായരും ഫേസ്ബുക്കിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
എം.ടിയുടെയും ആദ്യ ഭാര്യയായ പ്രമീള നായരുടെയും മകളാണ് സിതാര. രണ്ടാമത്തെ ഭാര്യ കലാമണ്ഡലം സരസ്വതിയിലുള്ള മകളാണ് അശ്വതി. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം.ടി. വാസുദേവൻ നായർ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം, പിതാവിനെയും തങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ചുള്ളതാണ്.
‘കുപ്രസിദ്ധിയിലൂടെ’ പുസ്തകം വിറ്റഴിക്കാനും രചയിതാക്കൾക്ക് ശ്രദ്ധകിട്ടുവാനും നടത്തിയ കുത്സിത ശ്രമമാണിതെന്നും ഇരുവരും ആരോപിക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അപമാനമാണ് ഇതു കുടുബത്തിനുണ്ടാക്കിയത്. പുസ്തകം ഉടനടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നും അല്ലാത്തപക്ഷം യുക്തമായ നടപടികൾ സ്വീകരിക്കുമെന്നും സിതാരയും അശ്വതിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.