ക്ലബ്‌ മെംബർഷിപ് സേവനം നൽകിയില്ല; ടൂറിസം സർവിസ് സ്ഥാപനം 2,15,000 രൂപ നൽകാൻ ഉത്തരവ്

​കൊച്ചി: ഹോളിഡേ ക്ലബ് മെംബർഷിപ് സേവനം വാഗ്ദാനം നൽകി പണം വാങ്ങി സേവനം നൽകാതിരിക്കുകയും അംഗത്വം റദ്ദാക്കി പണം തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്ത ടൂറിസം സർവിസ് സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. ​മെംബർഷിപ്പിനായി അടച്ച തുകയായ 1,89,999 രൂപയുൾപ്പെടെ 2,15,000 രൂപ നൽകാനാണ് ഉത്തരവ്.

​മരട് സ്വദേശിനിയായ ജസ്റ്റിന ഫെർണാണ്ടസ്, പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോവ്സ് വെക്കേഷൻ എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. ​2022 ഒക്ടോബറിലാണ് ഇവർ ക്ലബ്‌ മെംബർഷിപ് എടുത്തത്. എന്നാൽ, താമസത്തിന് ബുക്കിങ്ങിനായി സമീപിച്ചപ്പോൾ ക്ലബുകാർ ‘പീക്ക് ടൈമിൽ റൂമുകൾ ലഭ്യമല്ലെ’ന്ന മറുപടിയാണ് ആവർത്തിച്ച് നൽകിയിരുന്നത്. വാഗ്ദാനംചെയ്ത സേവനം ലഭ്യമല്ലാതായപ്പോൾ മെംബർഷിപ് റദ്ദാക്കി പണം തിരികെ നൽകണമെന്ന് ഉപഭോക്താവ് 2024 ഫെബ്രുവരിയിൽ ആവശ്യപ്പെട്ടു. എന്നാൽ, അംഗത്വം റദ്ദാക്കാം, പക്ഷേ, പണം തിരികെ നൽകില്ലെന്ന് എതിർകക്ഷി അറിയിച്ചതിനെത്തുടർന്നാണ് നിയമവഴി തേടിയത്.

​തുടർച്ചയായ സേവനനിഷേധം സേവനത്തിലെ അപര്യാപ്തതയാണെന്നും ബുക്കിങ്​ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചത് അധാർമിക വ്യാപാരരീതി ആണെന്നും കോടതി കണ്ടെത്തി. ​സേവനം നൽകാത്ത സാഹചര്യത്തിൽ പണം തിരികെനൽകാൻ വിസമ്മതിക്കുന്നത് നിയമപരമല്ലെന്നും ഇത്തരം ഏകപക്ഷീയ വ്യവസ്ഥകൾ നിയമപരമായ അവകാശങ്ങളെ അസാധുവാക്കില്ലെന്നും ഡി.ബി. ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മെംബർഷിപ് ഫീസും ​നഷ്ടപരിഹാരമായി 20,000 രൂപയും ​കോടതി ചെലവുകൾക്കായി 5,000 രൂപയുമടക്കം 45 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് ഉത്തരവ്. 

Tags:    
News Summary - Club membership service not provided; Tourism service firm ordered to pay Rs 215000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.