കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡെയ്സ് ചാണക്യ എക്സിറ്റ് പോൾ, യു.ഡി.എഫിന് നേരിയ മുൻതൂക്കം

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും യു.ഡി.എഫിന് മുൻതൂക്കമെന്നും ടുഡേയ്‌സ് ചാണക്യ എക്സിറ്റ് പോൾ സർവേ. യു.ഡി.എഫ് 60 മുതൽ 78 വരെ സീറ്റ് നേടുമ്പോൾ എൽ.ഡി.എഫിന് 55 മുതൽ 73 വരെ സീറ്റ് ലഭിക്കും. ബി.ജെ.പി മൂന്നുമുതൽ 11 വരെ സീറ്റ് നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. 140 അംഗ നിയമസഭയിൽ ഭൂരിപക്ഷ മാർക്ക് 71 ആണ്.

ന്യൂനപക്ഷ വോട്ടുകളാണ് യു.ഡി.എഫിന് നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നത്. 53 ശതമാനം ക്രിസ്ത്യാനികളിൽനിന്നും 62 ശതമാനം മുസ്‍ലിംകളിൽനിന്നും വോട്ട് ലഭിക്കും. പട്ടികജാതി വോട്ടുകളിൽ 31 ശതമാനവും നായർ വോട്ടുകളിൽ 32 ശതമാനവും ഇഴവ വോട്ടുകളിൽ 20 ശതമാനവും യു.ഡി.എഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൽ.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുക പട്ടികജാതി വിഭാഗത്തിൽ നിന്നാണ് (49 ശതമാനം). ഈഴവ വിഭാഗമാണ് (49 ശതമാനം) തൊട്ടുപിന്നിലെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

ബുധനാഴ്ച വൈകീട്ട് പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ വരുമെന്നാണ് പ്രവചിച്ചിരുന്നത്. ടൈംസ് നൗ-ജെ.വി.സി, ആക്സിസ് മൈ ഇന്ത്യ, സി.എൻ.എൻ വോട്ട് വൈബ് ഉൾപ്പെടെ എട്ട് ഏജൻസികളും യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേകളിൽ ചൂണ്ടിക്കാട്ടുന്നത്. മറ്റുള്ളവർക്ക് രണ്ട് ശതമാനം വോട്ട് വിഹിതം ലഭിക്കുമെങ്കിലും സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ല.

പശ്ചിമ ബംഗാളിൽ 192 സീറ്റുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബി.ജെ.പിക്ക് 48 ശതമാനം വോട്ടുവിഹിതം ലഭിക്കും. തൃണമൂൽ കോൺഗ്രസ് നൂറു സീറ്റിൽ വിജയിക്കും. 38 ശതമാനം വോട്ടുവിഹിതം നേടും. അസ്സമിയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് അധികാര തുടർച്ചയാണ് ടുഡെയ്സ് ചാണക്യ പ്രവചിക്കുന്നത്. ആകെയുള്ള 126 സീറ്റുകളിൽ 93 മുതൽ 111 സീറ്റുകൾ വരെ നേടി എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിന് 14 മുതൽ 32 സീറ്റുകൾ വരെയാണ് ചൂണ്ടിക്കാട്ടുന്നത്. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി 90 സീറ്റുകളിലും എ.ജി.പി 26 സീറ്റുകളിലും ബി.പി.എഫ് 11 സീറ്റുകളിലുമാണ് മത്സരിച്ചത്. കോൺഗ്രസ് 99 സീറ്റുകളിലും റൈജോർ ദൾ 13 സീറ്റുകളിലും എ.ജെ.പി 10 സീറ്റുകളിലും മത്സരിച്ചു.

തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം ഭരണത്തിൽ തുടരുമെന്ന് പറയുന്ന സർവേ, വിജയിയുടെ ടി.വി.കെ 63 സീറ്റുകൾ നേടി നിർണായക ശക്തിയാകുമെന്നും പറയുന്നു. ഡി.എം.കെ സഖ്യം 39 ശതമാനം വോട്ട് വിഹിതത്തോടെ 125 മുതൽ 136 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ടി.വി.കെ 30 ശതമാനം വോട്ട് വിഹിതം നേടി, 63 മുതൽ 74 സീറ്റ് വരെ നേടുമെന്നും സർവേ പ്രവചിക്കുന്നു.

കേരളത്തിൽ 78 മുതൽ 90 വരെ സീറ്റുകൾ നേടിയുള്ള കൂറ്റൻ വിജയമാണ് യു.ഡി.എഫിന് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചത്. എൽ.ഡി.എഫ് 49 മുതൽ 62 വരെ നേടും. ബി.ജെ.പി പൂജ്യം മുതൽ മൂന്ന് വരെയും. മധ്യമേഖലയിലെ 29 സീറ്റുകളിൽ 22-26 വരെ യു.ഡി.എഫും മൂന്ന് മുതൽ ഏഴ് വരെ എൽ.ഡി.എഫും പൂജ്യം മുതൽ ഒന്ന് വരെ എൻ.ഡി.എയും നേടും. മലബാർ മേഖലയിലെ 63 സീറ്റുകളിൽ 36 -38 സീറ്റുകൾ യു.ഡി.എഫിന് കിട്ടും. 25-27 സീറ്റുകൾ എൽ.ഡി.എഫിനും. തെക്കൻ മേഖലയിലെ 48 സീറ്റുകളിൽ 25 മുതൽ 29 വരെയാണ് യു.ഡി.എഫ് നേടുക. 18 മുതൽ 22 വരെ എൽ.ഡി.എഫും പൂജ്യം മുതൽ രണ്ട് വരെ എൻ.ഡി.എയും.

Tags:    
News Summary - Close Fight In Kerala, But UDF Has Edge, Today's Chanakya Exit Poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.