തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരത്തിന് പുറമേ പോളിങ് ശതമാനത്തിലെ കുതിപ്പും അനുകൂലമായ രാഷ്ട്രീയക്കാറ്റും 100 സീറ്റെന്ന സ്വപ്നം പൂവണിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യു.ഡി.എഫിന് അനുകൂലമായി ക്ലീന്‍ സ്വീപ് ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിലയിരുത്തൽ. ഈ അഞ്ച് ജില്ലകളില്‍ 43 സീറ്റുകൾ. പാലക്കാട്, തൃശൂർ ജില്ലകളിലൊഴികെ വലിയ മുന്നേറ്റമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിനെതിരായ വികാരവും യു.ഡി.എഫ് നല്‍കിയ ബദല്‍ പ്രതീക്ഷകളും ഇന്ദിര ഗാരന്‍റിയും വോട്ടര്‍മാരെ വലിയ തോതിൽ സ്വാധീനിച്ചു. 35 വര്‍ഷത്തിനിടെ യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇത്തവണയുണ്ടായതെന്ന് മുന്നണി കണക്കുകൂട്ടുന്നു.
2005 മുതല്‍ ഒപ്പമില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ ഇത്തവണ പിന്തുണച്ചതും നേട്ടമായി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 18 സീറ്റുകൾ നേടിയതും 110ലധികം നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തിയതുമാണ് യു.ഡി.എഫ് പ്രതീക്ഷയുടെ ആധാരം. തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ഈ മുന്നേറ്റം തുടരുന്നതാണ് കണ്ടത്. ഇതിന്‍റെ സ്വഭാവിക തുടർച്ചയാണ് നിയമസഭയിലുമെന്നതിൽ 101 ശതമാനം ഉറപ്പാണ് നേതാക്കൾ പങ്കുവെക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾ കുറഞ്ഞതും വി.ഡി. സതീശൻ-സണ്ണി ജോസഫ് സഖ്യം ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതും വിജയപ്രതീക്ഷ വർധിപ്പിക്കുന്നു. ‘ടീം യു.ഡി.എഫ്’ എന്ന നിലയിൽ നേതാക്കൾ ഒരുമിച്ച് നീങ്ങിയതും അണികളിൽ വലിയ ആവേശം ഉണ്ടാക്കുകയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന ‘പുതുയുഗ യാത്ര യു.ഡി.എഫ് പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ വിജയിച്ചു.
പ്രചാരണത്തിന്‍റെ തുടക്കം മുതൽ ഡീൽ ആരോപണമുയർത്തി ഭരണപക്ഷത്തെ കുരുക്കിയതും രാഷ്ട്രീയമായി ഗുണം ചെയ്തുവെന്ന് വിലയിരുത്തുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യകേരളം പരമ്പരാഗതമായി യു.ഡി.എഫിന് അനുകൂലമാണ്. എന്നാൽ 2021ൽ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്ക് പോയത് യു.ഡി.എഫിന് തിരിച്ചടിയായിരുന്നു. ഇത്തവണ ഈ മേഖല തിരിച്ചുപിടിക്കാൻ പ്രത്യേക തന്ത്രങ്ങളാണ് ആവിഷ്കരിച്ചത്. അത് വിജയം കണ്ടുവെന്നാണ് കണക്കുകൂട്ടൽ. നിയമസഭയുടെ വിധി നിർണയിക്കുന്നതിൽ മലബാർ മേഖലക്കുള്ള (കാസർകോട് മുതൽ പാലക്കാട് വരെ 60 സീറ്റുകൾ) പങ്ക് വളരെ വലുതാണ്. ഇത്തവണ മലബാറിൽ വലിയ മുന്നേറ്റമാണ് യു.ഡി.എഫ് ഉറപ്പിക്കുന്നത്. തെക്കൻമേഖലയിലെ 48 മണ്ഡലങ്ങളിൽ 25 വരെ സീറ്റുകളിലും ഉറച്ച പ്രതീക്ഷയുണ്ട്.
കൊച്ചി: എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മുഴുവന്‍ സീറ്റും പിടിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും പോളിങ് ശതമാനം വര്‍ധിച്ചത് കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ ജില്ലകളിൽ യു.ഡി.എഫിന്റെ ‘ക്ലീന്‍ സ്വീപ്’ ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ആലുവയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇത്തവണയുണ്ടായത്. 2005 മുതല്‍ ഒപ്പമില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. പിണങ്ങിപ്പോയവരെയും മാറിപ്പോയവരെയും തിരിച്ചുകൊണ്ടുവരാൻ സാധിച്ചു. അതിന്റെയൊക്കെ ഗുണം തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകും.
എല്ലാ തെരഞ്ഞെടുപ്പിലും പ്രവചനം നടത്തിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് കോര്‍പറേഷന്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ പലരും കളിയാക്കി. സി.പി.എം-ബി.ജെ.പി ഡീല്‍ പൊളിക്കാനാണ് അത് പുറത്തുകൊണ്ടുവന്നത്. കെ. സുധാകരനെ പോലുള്ള ആളുടെ അടുത്തുപോയി കുത്തിക്കുത്തി ചോദിക്കുന്നതാണോ മാധ്യമപ്രവര്‍ത്തനമെന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.