ആലുവ: ആലുവ കുട്ടമശ്ശേരിയിലെ പോളിങ് ബൂത്തിന് സമീപമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫ്ലക്സ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് -എൽ.ഡി.എഫ് സംഘർഷത്തിന് വഴിവെച്ചു. പോളിങ് ബൂത്തിന് സമീപം സ്ഥാപിച്ച കൂറ്റൻ ഹോഡിങ്സുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
പോളിങ് ബൂത്തിന് 100 മീറ്റർ പരിധിയിൽ സ്ഥാനാർഥിയുടെ ഹോഡിങ്സ് അടക്കമുള്ളവ സ്ഥാപിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നത്. ദൂരപരിധിക്കുള്ളിൽ സ്ഥാപിച്ച ഫ്ലക്സ് സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് യു.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ പാലിച്ചില്ല.
തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ഹോഡിങ്സിന്‍റെ താഴ്ഭാഗം കീറാൻ ആരംഭിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് എൽ.ഡി.എഫ് പ്രവർത്തകർ എത്തിയത് സംഘർഷത്തിന് വഴിവെച്ചു. ഫ്ലക്സ് യു.ഡി.എഫ് പ്രവർത്തർ മാറ്റരുതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാറ്റട്ടെയെന്നും എൽ.ഡി.എഫ് പ്രവർത്തകരും ആവശ്യപ്പെട്ടു.
തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർദേശം നൽകിയതിന് പിന്നാലെ ഫ്ലക്സ് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.