പൊലീസുമായി സംഘര്‍ഷം; നാല് യുവാക്കള്‍ റിമാൻഡിൽ

പുതിയതെരു (കണ്ണൂർ): പൊലീസുമായി തര്‍ക്കവും വാക്കേറ്റവും പിടിവലിയും നടത്തിയതിന് നാല് യുവാക്കളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, പൊലീസിനെ പരിക്കേൽപിക്കല്‍ എന്നീ വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചിറക്കൽ അത്താഴക്കുന്ന് സ്വദേശി ബത്തക്ക ഉണ്ണി​​െൻറ വളപ്പിൽ നിഷാദ്(18), കക്കാട് ആമീനാസിൽ യു.പി. ഇർഷാദ് (19), ചാലാട് മണൽ നൂർ മഹലിൽ കെ. നവാബ് (19), ചാലാട് മിഹിൻസിൽ കെ. മിൻഹാജ്(19) എന്നിവരാണ് അറസ്​റ്റിലായത്. വളപട്ടണം പൊലീസ് പരിധിയിൽ ചിറക്കൽ പണ്ണേരിമുക്കിലാണ് ശനിയാഴ്​ച രാവിലെ 11.30ഒാടെ സംഭവം നടന്നത്.

കച്ചേരിപ്പാറയിലെ വസ്​തു തർക്കത്തിൽ ഇടപെട്ടശേഷം തിരിച്ചുവരുകയായിരുന്ന പൊലീസ്,​ പൊതുസ്ഥലത്തുവെച്ച് പുകവലിച്ചുകൊണ്ടിരുന്ന വയോധികനെ ജീപ്പിനു സമീപത്തേക്ക് വിളിച്ചുവരുത്തി പിഴയടപ്പിക്കുകയായിരുന്നു. ഇതി​നിടെ പൊലീസ് ജീപ്പ് റോഡിന് മധ്യത്തിൽ ഇട്ടതിന് യുവാവ് എസ്.ഐയെ ചോദ്യം ചെയ്​തു. ഇത് വാക്കുതർക്കത്തിലേക്കും ഉന്തും തള്ളിലേക്കുമെത്തുകയായിരുന്നു. ഇതിനിടയിൽ കൂട്ടത്തിലൊരാൾ എസ്.ഐ വിജേഷിനെ തള്ളിയിടുകയും വീഴ്ചയിൽ വിജേഷിന് നിസ്സാര പരിക്കേൽക്കുകയും ചെയ്തു.

എസ്.ഐയോടൊപ്പം ഉണ്ടായിരുന്ന എ.എസ്.ഐ രാജേഷ്, സി.പി.ഒ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കും നിസ്സാര പരിക്കേറ്റു.

ചോദ്യംചെയ്ത യുവാവിനെ ബലമായി പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചത് കൂടുതൽ പ്രതിഷേധത്തിനു കാരണമായി. തുടര്‍ന്ന് വാക്കുതർക്കത്തിലേർപ്പെട്ട സുഹൃത്തുക്കളായ മൂന്ന് യുവാക്കളെയും പൊലീസ് കസ്​റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് കോടതി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - clash with police four youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.