ടോൾ പ്ലാസയിൽ ഹോണടിച്ചതിന്‍റെ പേരിൽ സംഘർഷം; യാത്രക്കാരനെ തള്ളിയിടുന്ന ദൃശ്യം പുറത്ത്, ഗുണ്ടായിസമെന്ന് യൂത്ത് ലീഗ്

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിൽ കൊളശ്ശേരി ടോൾ ഗേറ്റിൽ കാർ യാത്രക്കാരെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ചതായി പരാതി. ടോൾ ബൂത്തിൽ വാഹനങ്ങളുടെ നിര നീണ്ടത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ചൊക്ലി സ്വദേശി അബ്ദുൽ അസീസിനും കുടുംബത്തിനും നേരെയാണ് ആക്രമണം. ഹോൺ അടിച്ച പ്രകോപനത്താൽ മർദിച്ചെന്ന് യാത്രക്കാരും ടോൾ നൽകാത്തത് ചോദ്യം ചെയ്തപ്പോൾ സംഘർഷമുണ്ടാക്കിയെന്ന് ടോൾ പ്ലാസ ജീവനക്കാരും ആരോപിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇരു വിഭാഗത്തിന്റെയും പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. 

കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ യാത്രികർക്കാണ് മർദനമേറ്റത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏറെനേരം കാത്തുകഴിഞ്ഞിട്ടും വാഹനം കടത്തിവിടാത്തതിനാൽ ഹോൺ അടിക്കുകയും തുടർന്ന് കാറിനുസമീപം വന്ന ടോൾപ്ലാസ മാനേജർ ഹോണടിച്ചാൽ കാറിന്‍റെ ചില്ല് അടിച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യംചെയ്ത കാർ യാത്രികനായ ചൊക്ലി സ്വദേശി അബ്ദുൽ അസീസിനെ സെക്യൂരിറ്റി ജീവനക്കാരൻ മർദിക്കുകയായിരുന്നുവെന്നും കാർ യാത്രികർ തലശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, ടോൾ നൽകാതെ വണ്ടി നിർത്താതെ പോയത് ചോദ്യം ചെയ്തപ്പോഴാണ് സംഘർഷമുണ്ടായതെന്നാണ് ടോൾ പ്ലാസ ജീവനക്കാർ പറയുന്നത്. കാർ യാത്രികൻ ഇറങ്ങിവന്ന് ജീവനക്കാരനെ മർദിക്കുകയും ഇത് തടയാനുള്ള ശ്രമത്തിനിടെ അബ്ദുൽ അസീസ് വീണെന്നുമാണ് ടോൾ പ്ലാസ സൂപ്പർവൈസർ ഷാജൻ തലശ്ശേരി പൊലീസിൽ നൽകിയ പരാതി. ഇരുവിഭാഗത്തിന്റെയും പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടോൾ പിരിവുമായി ബന്ധപ്പെട്ട് കൊളശ്ശേരി ടോൾ പ്ലാസയിൽ ഇടക്കിടെ വാക്കേറ്റവും സംഘർഷവും പതിവാണ്.

ടോൾ പിരിക്കുന്നത് ജീവനക്കാരോ ഗുണ്ടകളോ?

തലശ്ശേരി: മുഴപ്പിലങ്ങാട് മാഹി ആറുവരിപ്പാതയിലെ ടോൾ പിരിവ് നടത്തുന്നത് ജീവനക്കാരോ ഗുണ്ടകളോ എന്ന് അധികൃതർ വ്യക്ത മാക്കണമെന്ന് മുസ്‌ലിം യൂത്ത‌് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശീയപാതയിൽ അശാസ്ത്രീയമായാണ് ടോൾ പിരിവ് നടക്കുന്നതെന്ന് മുമ്പും ആരോപണമുണ്ടായിട്ടുണ്ട്. അത്യാഹിത വാഹനങ്ങൾക്ക് വരെ കടന്നുപോകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചിട്ടും നിലവിൽ യാതൊരു മാറ്റവും കൊണ്ടുവന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. നീണ്ട ഗതാഗതക്കുരുക്കിൽ പെട്ട് പ്രയാസപ്പെടുന്ന യാത്രക്കാർ ടോൾ ഗേറ്റിലെ ജീവനക്കാരുടെ ഗുണ്ടായിസവും സഹിക്കണം എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ കാണുമ്പോൾ മന സിലാക്കുന്നത്.

ഗുണ്ടായിസം കാണിക്കുന്ന ജീവനക്കാരെ നിലക്കുനിർത്തി അത്യാഹിത വാഹനങ്ങൾക്കും മറ്റ് വാഹന യാത്രക്കാർക്കും പ്രയാസമില്ലാതെ കടന്നുപോകാൻ അധികൃതർ ഇടപെടൽ നടത്തണമെന്ന് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ് റഷിദ് തലായി, ജനറൽ സെക്രട്ടറി തഹ്ലീം മാണിയാട്ട് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Clash over honking at toll plaza; Video of passenger being pushed down circulated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.