പാലാ: ഉപഭോക്തൃ അവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തിയ പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷമാണ് അപകടമുണ്ടായത്.
പാലാ ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മാധ്യമ ചർച്ചകളിലെ സുവ്യക്തമായ നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
കേരള കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് സിയിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1982-ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെഎസ് സി, യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1998-ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് ഉപഭോക്തൃ സേവന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ എന്ന സംഘടനയുടെ സ്ഥാപകനാണ്. റോഡ് സുരക്ഷ, വൈദ്യുതി, ഗതാഗതം എന്നീ മേഖലകളിലെ ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി നിരവധി നിയമപോരാട്ടങ്ങൾ നടത്തി. ഗതാഗത-വൈദ്യുതി മേഖലകളിലെ കൺസ്യൂമർ ഫോറങ്ങളിൽ സജീവമായിരുന്നു. കേരള സർവകലാശാല പ്ലാനിങ് വിഭാഗം മേധാവി മിനി കാപ്പനാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.