തിരുവനന്തപുരം: സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിൽ എട്ട് പൊലീസ് സ്റ്റേഷനുകളിൽ മാത്രമാണ് സർക്കിൾ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായുള്ളത്. സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും സർക്കിൾ ഇൻസ്പെക്ടർമാരെ ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ സബ് ഇൻസ്പെക്ടർമാരാണ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ. ഈ സ്ഥാനത്ത് കൂടുതൽ പരിചയസമ്പത്തുള്ള സർക്കിൾ ഇൻസ്പെക്ടർമാർ വരുന്നത് സങ്കീർണമായ പ്രശ്നങ്ങൾ സമർഥമായി കൈകാര്യം ചെയ്യാൻ സഹായിക്കുമെന്നാണ് സർക്കാറിെൻറ കണക്കുകൂട്ടൽ.
ആകെയുള്ള 471 സ്റ്റേഷനുകളിൽ 357 എണ്ണത്തിൽ സബ് ഇൻസ്പെക്ടർ തസ്തികയിലുള്ള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരിൽതന്നെ 302 സബ് ഇൻസ്പെക്ടർമാർ സർക്കിൾ ഇൻസ്പെക്ടർമാർക്ക് തുല്യമോ അതിന് മുകളിലോ ശമ്പളം ഉള്ളവരാണ്. അതിനാൽ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ അവർക്ക് ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നൽകാൻ കഴിയും. ഒരു എസ്.ഐ മാത്രമുള്ള 13 പൊലീസ് സ്റ്റേഷനുകളിലേക്ക് രണ്ടിലേറെ എസ്.ഐമാരുള്ള സ്റ്റേഷനുകളിൽനിന്ന് 13 പേരെ പുനർവിന്യസിച്ച് നിയമിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.