ക്രിസ്ത്യാനി മറ്റുള്ളവർക്ക്‌ കുരിശാകരുത്‌, ‌സ്വയം കുരിശാകണം -ജോയ് മാത്യു

കോഴിക്കോട്: പാപ്പാത്തിചോലയില്‍ കൈയ്യേറ്റമൊഴിപ്പിക്കലിന്‍റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ കുരിശ് പൊളിച്ചുനീക്കിയതിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടൻ ജോയ് മാത്യു. 

ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുമ്പോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്‍റെ പൊരുളെന്താണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 

മത ചിഹ്നങ്ങൾ വെച്ചുള്ള കൈയ്യേറ്റങ്ങൾ ഏത്‌ മതത്തിന്‍റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു സർക്കാറിനെയാണ് വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌.  കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിനെ ആദരിക്കുന്നുവെന്നും കുറിപ്പിലുണ്ട്. കൃസ്ത്യാനി മറ്റുള്ളവർക്ക്‌ 
കുരിശാകരുത്‌ , സ്വയം കുരിശാകുകയാണു വേണ്ടതെന്നും പറഞ്ഞാണ് ജോയ് മാത്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം 

ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക്‌ കുരിശാകരുത്‌ സ്വയം കുരിശാകുകയാണു വേണ്ടത്‌

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകൾ സ്‌ഥാപിക്കും പിന്നെ ഒരു രൂപക്കൂട്‌ വരും അതിനോട്‌ ചേർന്ന് ഒരു ഭന്ധാരപ്പെട്ടി മെഴുകുതിരി സ്റ്റാൻഡ്‌ -തുടർന്ന് ഒരു ചെറിയ ഷെഡ്‌ അതിനു പ്രാർഥനാലയം എന്നു പേർ പിന്നീടാണു അത്‌ കോടികൾ ചിലവഴിച്‌ പള്ളിയാക്കുക. 


വെഞ്ചരിക്കൽ കർമ്മത്തിനു മന്ത്രിപുംഗവന്മാർ തുടങ്ങി ന്യായാധിപന്മാർ വരെ വന്നെന്നിരിക്കും -ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർഥന തുടങ്ങുകയായി സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾ കൈവശപ്പെടുത്തുന്നത്‌-

അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറൂക നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്‌- ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുംബോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു? 

മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവർമ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌ കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവർമ്മെന്റ്‌ നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിനുമതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്‌- എല്ലാ മതമേധാവികളും ഈ മാത്രുകപിന്തുർന്നിരുന്നെങ്കിൽ ഈ നാട്‌ എപ്പഴേ നന്നായേനെ

ഓർക്കുക :ക്രിസ്ത്യാനി മറ്റുള്ളവർക്ക്‌ കുരിശാകരുത്‌ സ്വയം കുരിശാകുകയാണു വേണ്ടത്‌. 

Tags:    
News Summary - christians on creoss joy mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.