ബ്രിഡ്ജറ്റി​ന്‍റെ മൃതദേഹം പൊന്നാട് തഹ്‌ലീമുൽ ഇസ്‌ലാം മദ്​റസയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

ഉറ്റവരും ബന്ധുക്കളും സ്ഥലത്തില്ല; ക്രിസ്ത്യൻ വയോധികയുടെ അന്ത്യകർമങ്ങൾ മദ്​റസയിൽ

എടവണ്ണപ്പാറ (മലപ്പുറം): എടവണ്ണപ്പാറക്കടുത്ത് ചീക്കോട് പഞ്ചായത്തിലെ പൊന്നാട് തഹ്‌ലീമുൽ ഇസ്‌ലാം മദ്​റസ ഇന്ന്​ പതിവില്ലാത്ത ഒരു ചടങ്ങിന്​ വേദിയായി. ഇവിടെ തനിച്ച് താമസിച്ചിരുന്ന 72കാരി ബ്രിഡ്ജറ്റ് റിച്ചാർഡി​െൻറ അന്ത്യകർമങ്ങൾക്കാണ്​ മദ്​റസ സാക്ഷിയായത്​. 

വെള്ളിയാഴ്ച രാത്രിയാണ് ക്രിസ്തുമത വിശ്വാസിയായ ബ്രിഡ്ജറ്റ് മരിച്ചത്. ഉറ്റവരും ബന്ധുക്കളും സ്ഥലത്തില്ലാത്തതിനാൽ മൃതദേഹ പരിപാലനത്തിന് നേതൃത്വം നൽകിയത് നാട്ടുകാരായ സ്ത്രീകളാണ്. ശനിയാഴ്ച് വൈകീട്ട്​ കോഴിക്കോട്ട് സംസ്കാരം നടത്താനായിരുന്നു തീരുമാനം. വെള്ളിയാഴ്ച രാത്രി മുതൽ മൃതദേഹം സൂക്ഷിക്കാൻ സി.എച്ച് സെൻററി​െൻറ ഫ്രീസറെത്തിച്ചു. എന്നാൽ, വെക്കാൻ വീട്ടിൽ ഇടമില്ലാത്തതോടെ തൊട്ടടുത്ത മദ്​റസയിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി ക്ലാസ്​ റൂം തുറന്നുനൽകി.

അന്ത്യകർമങ്ങളുടെ ആദ്യ ശുശ്രൂഷകളെല്ലാം നടന്നത് മദ്​റസയിലാണ്. സഹോദരപുത്രൻ ജുനുവി​െൻറ ഭാര്യ മിനിയും നാട്ടുകാർക്കൊപ്പം കർമങ്ങൾ നിർവഹിച്ചു. ഉച്ചക്കുശേഷം കൊണ്ടുപോയ മൃതദേഹം കോഴിക്കോട് വെസ്​റ്റ്​ ഹിൽ സി.എസ്.ഐ സെമിത്തേരിയിലാണ് സംസ്കരിച്ചത്. മഞ്ചേരിയിൽ ഹോസ്​റ്റൽ വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ബ്രിഡ്ജറ്റ് വിരമിച്ചതോടെ തനിച്ചായി. മഞ്ചേരി സ്വദേശിയായിരുന്ന ഭർത്താവ് സുന്ദരൻ നേരത്തേ മരിച്ചിരുന്നു. കുട്ടികളില്ലാത്ത ഇവർക്ക് കൂട്ടായുണ്ടായിരുന്നതും നാട്ടുകാരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.