അനുപമക്ക് നീതി നിഷേധിച്ചില്ല; ആരോപണത്തിൽ കഴമ്പില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിനെ അച്ഛനും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും മാതാവും ചേർന്ന് ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ചൈൽഡ് വെൽഫയർ കമ്മിറ്റി (സി.ഡബ്ല്യു.സി) അധ്യക്ഷ എൻ. സുനന്ദ. കുഞ്ഞിനെ കടത്തുന്നതിൽ ശിശു ക്ഷേമസമിതി കൂട്ടുനിന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൻ. സുനന്ദ പറഞ്ഞു.

നിയമപരമായും സുതാര്യപരമായും മാത്രമാണ് കാര്യങ്ങൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ അനുപമക്ക് സമയം അനുവദിച്ചെങ്കിലും ഹാജരായില്ല. ഇപ്പോൾ ഉന്നയിക്കുന്ന കാര്യങ്ങളിൽ കഴമ്പില്ല. ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും രണ്ടാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടി ക്രമങ്ങളാണ് ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തുന്നത്. സിറ്റിങ്ങിന് സമയം കൊടുത്ത ശേഷം ഹാജരാകേണ്ടെന്ന് ഒരിക്കലും പറയില്ലെന്നും എൻ. സുനന്ദ വ്യക്തമാക്കി.

ശിശുക്ഷേമ സമിതിയിലുള്ള കുട്ടി തന്‍റേതാണെന്ന് കണ്ടപ്പോൾ മനസിലായെന്നാണ് ആഗസ്റ്റിൽ നൽകിയ പരാതിയിൽ അനുപമ പറയുന്നത്. അതിനാൽ ഡി.എൻ.എ പരിശോധന നടത്തി തരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

സ്ഥലത്ത് ഇല്ലാത്തതിനാൽ മറ്റൊരു കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ സാധിച്ചിരുന്നില്ല. അനുപമ നേരത്തെ പരാതി നൽകിയിരുന്നെങ്കിൽ പരിശോധന നടത്താൻ കഴിയുമായിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റി നീതി നിഷേധിച്ചിട്ടില്ല. ശിശുക്ഷേമ സമിതിക്കെതിരെ പരാതിയുണ്ടെങ്കിൽ അനുപമക്ക് ഹൈകോടതിയെ സമീപിക്കാമായിരുന്നു.

നിലവിൽ കുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കൈവശമല്ല. ദത്ത് പോയ കുട്ടി എവിടെ പോയെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അറിയില്ല. ഈ വിഷയത്തിൽ ഹൈകോടതിയെ സമീപിക്കാൻ സാധിക്കുമെന്നും എൻ. സുനന്ദ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - Child Welfare Committee react to Anupama Child Kidnap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.