മുഖ്യമന്ത്രിയുടെ വിമാന യാത്ര: സ്പോൺസർ വിവാദത്തിൽ മൗനം തുടർന്ന് സർക്കാർ

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ ചാർട്ടേർഡ് വിമാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ മലപ്പുറം യാത്രയിൽ വിവാദം ഉയർന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും സ്പോൺസർ ആരെന്ന് വെളിപ്പെടുത്താതെ സർക്കാർ. മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം പരസ്യമായി രംഗത്തുവന്നിട്ടും സർക്കാർ ഔദ്യോഗികമായി പ്രതികരിക്കാൻ തയാറാകാത്തതോടെ വിഷയം വലിയ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ കഴിഞ്ഞദിവസത്തെ മലപ്പുറം യാത്രയിൽ വിവാദം ഉയർന്നപ്പോഴാണ് യാത്ര സ്വകാര്യ ചാർട്ടേർഡ് വിമാനത്തിലായിരുന്നുവെന്നും സര്‍ക്കാറിന്റെ അഭ്യർഥന കണക്കിലെടുത്ത് സ്വകാര്യ വിമാന കമ്പനി സൗജന്യ സേവനം നല്‍കിയതിനാൽ ഖജനാവിൽ നിന്ന് ഒരുരൂപയുടെ പോലും ചിലവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. അതോടെ വിഷയം കൂടുതൽ മാനങ്ങളിലേക്ക് കടക്കുകയും കൂടുതൽ ചൂടുപിടിക്കുകയുമായിരുന്നു. ചാർട്ടേർഡ് വിമാനത്തിന്‍റെ ചിലവ് വഹിച്ച സ്പോൺസർ ആരെന്ന് വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവെക്കുന്നുവെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്.

പൊതുഖജനാവിന് ചിലവില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും സൗജന്യം മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിയമപരമായും ധാർമികമായും ചോദ്യം ചെയ്യപ്പെടുന്നു. അതേസമയം, മുഖ്യമന്ത്രി ഉപയോഗിച്ചത് ഒരു കർണാടക മന്ത്രിയുടെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള വിമാനമാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ കോൺഗ്രസ് അനുകൂലികൾ അവകാശപ്പെടുന്നത്. ഇന്ന് മന്ത്രിസഭായോഗത്തിന്ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും.

Tags:    
News Summary - Chief Minister's flight travel: Government continues to remain silent on the sponsor controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.