തിരുവനന്തപുരം: 11 ദിവസം നീണ്ട ചർച്ചകൾക്ക് ശേഷമാണ് മുഖ്യമന്ത്രിയാരെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കഴിഞ്ഞതോടെ ഇനി അറിയാനുള്ളത് ആരൊക്കെ മന്ത്രിമാരാകുമെന്നാണ്. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചു. തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പറയുന്നതെങ്കിലും ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കിയിട്ടില്ല.
21 അംഗ മന്ത്രി സഭയിൽ കോൺഗ്രസിന് 12 മന്ത്രിമാർ വരെയുണ്ടാകുമെന്നാണ് സൂചന. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങളുണ്ടാകും. കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് ജേക്കബ് എന്നിവർക്ക് ഓരോ മന്ത്രിമാരെ വരെ കിട്ടും. ഏഴ് സീറ്റുള്ള കേരള കോൺഗ്രസ് മന്ത്രി സ്ഥാനത്തിന് പുറമേ ചീഫ് വിപ്പ് പദവിയോ മറ്റൊരു കാബിനറ്റ് റാങ്കുള്ള പദവിയോ നൽകിയേക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികൾ കോൺഗ്രസിൽ നിന്നാകും.
മുന്നണിയിലെ അസോസിയേറ്റ് അംഗങ്ങളായി തുടരുന്ന കെ.കെ രമ (ആർ.എം.പി), മാണി സി.കാപ്പൻ (കെ.ഡി.പി) എന്നിവർക്ക് മന്ത്രി സ്ഥാനങ്ങൾക്ക് സാധ്യതയില്ല. എന്നാൽ ടേം വ്യവസ്ഥയിൽ ഇവരെ ഉൾപ്പെടുത്തുന്ന കാര്യവും ചർച്ചയിൽ പരിഗണിക്കുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തോടെ മന്ത്രിസഭ രൂപവത്കരണത്തിൽ പ്രാഥമിക ധാരണയാകുമെന്നാണ് സൂചന. കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ, പി.സി.വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ, എം.വിൻസെന്റ്, ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ, എൻ.ശക്തൻ, റോജി എം.ജോൺ, മാത്യു കുഴൽനാടൻ, വി.ടി. ബൽറാം, ടി.ജെ. വിനോദ്, അഡ്വ.കെ. പ്രവീൺകുമാർ, കെ. ജയന്ത്, സജീവ് ജോസഫ് തുടങ്ങിയ പേരുകളാണ് ചർച്ചകളിലുള്ളത്.
മുഖ്യമന്ത്രി സ്ഥാനം പോയതോടെ മന്ത്രിസഭയിൽ പിടിമുറുക്കാനാണ് കെ.സി വേണുഗോപാൽ പക്ഷത്തിന്‍റെ നീക്കങ്ങൾ. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് നിലപാടെടുത്തെങ്കിലും അനുനയ നീക്കങ്ങളുണ്ടാകും. അദ്ദേഹം മന്ത്രിസഭയിൽ ചേർന്നില്ലെങ്കിൽ തനിക്കൊപ്പം നിൽക്കുന്നവർക്ക് മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കും. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ അഞ്ച് പേർ ഉണ്ടായിരുന്ന മുസ്‌ലിം ലീഗ് മന്ത്രിമാരുടെ എണ്ണത്തിലും വകുപ്പിലും തൽസ്ഥിതി തുടരണമെന്ന നിലപാട് സ്വീകരിക്കും.
തദ്ദേശവകുപ്പ് ഏകീകരിച്ചതിനാൽ ഫിഷറീസ് വകുപ്പിന് വേണ്ടി കൂടി പാർട്ടി ആവശ്യം ഉന്നയിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഷാജി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, എ.കെ.എം അഷ്റഫ്, പാറക്കൽ അബ്ദുല്ല എന്നിവരുടെ പേരുകളാണ് ലീഗിൽ സാധ്യതാ പട്ടികയിലുള്ളത്. മോൻസ് ജോസഫായിരിക്കും മന്ത്രിസഭയിലെ കേരള കോൺഗ്രസ് പ്രതിനിധി. പാർട്ടി രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. ആർ.എസ്.പിയിലെ ഷിബു ബേബി ജോണും കേരള കോൺഗ്രസിലെ (ജേക്കബ്) അനൂപ് ജേക്കബും സി.എം.പിയിൽ നിന്ന് സി.പി.ജോണും മന്ത്രിസഭയിലെത്തും.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ഷേത്രം അധികൃതർ സ്വീകരിച്ചു. ഗവർണറെ കണ്ട ശേഷമാണ് സതീശൻ ക്ഷേത്രത്തിലെത്തിയത്. അതേസമയം, കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോൾ എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചക്ക് മുമ്പ് തീരുമാനിക്കാനാണ് ശ്രമം.
വൈകിട്ട് നടന്ന നിയമസഭാകക്ഷി യോഗത്തിൽ വി.ഡി. സതീശനെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്. എ.ഐ.സി.സി തീരുമാനം ദീപദാസ് മുൻഷി ആദ്യം യോഗത്തെ അറിയിച്ചു. അതിന് ശേഷം സണ്ണി ജോസഫും മുകുൾ വാസനിക്കും വി.ഡി. സതീശനും സംസാരിച്ചു. യോഗത്തിൽ കെ.സി. വേണുഗോപാലിന്റെ സേവനം സതീശൻ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.