കൂടുതൽ ആളുകൾ ഇനിയും വരും; ആർക്ക് മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല -മുഖ്യമന്ത്രി 

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ പരിഭ്രമിച്ചു നിൽക്കാൻ സർക്കാർ തയാറല്ലെന്നും ഒരു കേരളീയന് മുന്നിലും ഇക്കാരണത്താൽ വാതിൽ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ രോഗബാധിതർ വർധിക്കുന്നത് ഗൗരവകരമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വെള്ളിയാഴ്ച 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇവരിൽ 40 പേരും വിദേശത്തുനിന്നോ മറ്റ് സംസ്ഥാനത്തുനിന്നോ എത്തിയവരാണ്. 

കോവിഡ് പ്രതിരോധ സന്നാഹങ്ങൾ വലിയ തോതിൽ വർധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ളതിനെക്കാൾ കൂടുതൽ ആളുകൾ ഇനിയും വരും. ഒരു കേരളീയന് മുന്നിലും നമ്മുടെ വാതിലുകൾ കൊട്ടിയടക്കില്ല. പരിഭ്രമിച്ച് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാൻ നാം തയാറല്ല. എല്ലാവർക്കും കൃത്യമായ ചികിത്സയും പരിചരണവും നൽകും. അവർക്കുകൂടി അവകാശപ്പെട്ട നാട്ടിലേക്ക് പ്രവാസികൾ വരുമ്പോൾ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. 

കേരളത്തിലേക്ക് വരുന്നവരിൽ അത്യാസന്ന നിലയിലായ രോഗികൾ ഉണ്ടായേക്കാം. കൂടുതൽ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയിൽ വെന്‍റിലേറ്റർ ഉൾപ്പടെ തയാറാക്കി‍യിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾക്കാണ് മുൻഗണന നൽകുക. 

അതേസമയം, ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഇളവുകൾ. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - chief minister press meet -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.