മാരീച വേഷത്തിൽ വന്ന് കേരളത്തിലെ ജനങ്ങളെ മോഹിപ്പിക്കാമെന്ന് കരുതരുത്; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാരീച വേഷത്തിൽ വന്ന് കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചുകളയാമെന്ന് മോദി വിചാരിക്കരുതെന്നും ഉള്ളിലെ ഉദ്ദേശ്യമെന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു.

ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫ് പ്രചാരണയോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ മറുപടി. "കേരളത്തിൽ ഒരു ബി.ജെ.പി പ്രതിനിധി വേണമെന്നാണ് മോദിയുടെ ആഗ്രഹം, മോഹം ആർക്കും ആകാമല്ലോ. പക്ഷേ കേരളത്തിൽ ഒരു സീറ്റിൽ പോലും ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ടാവില്ല."- മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂർ ബാങ്ക് വിഷയത്തിൽ മോദിയുടെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കരുവന്നൂരിലെ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ ക്രമവിരുദ്ധമായ വായ്പയുണ്ടെന്ന കാര്യം മനസ്സിലായി. കുറ്റക്കാരിൽനിന്ന് ബാങ്കിന് നഷ്ടപ്പെട്ട പണം ഈടാക്കാനുള്ള നടപടി 2019ൽ തന്നെ തുടങ്ങി. റവന്യൂ റിക്കവറിയും സർക്കാർ തുടങ്ങി. സഹകരണ വകുപ്പു കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വന്നപ്പോഴും കുറ്റക്കാരെന്ന് കണ്ടെത്തിയതെന്നും പിണറായി പറഞ്ഞു.

എൻ.ഡി.എ സ്ഥാനാർഥികളുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കടന്നാക്രമിച്ചത്. കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണെന്ന് മോദി ആരോപിച്ചു. സി.പി.എമ്മുകാരാണ് കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചത്. കർഷകരുടെ മക്കളുടെ വിവാഹം മുടങ്ങാൻ പോലും ഇതുകാരണമായി. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനം പൂർണമായി വിനിയോഗിച്ചതായി മോദി വിമർശിച്ചു. അഴിമതിപ്പണം പാവങ്ങൾക്കു നൽകും. അഴിമതിക്കാർ മുഴുവൻ അഴിക്കുള്ളിലാകും. കൊള്ളയാണ് കേരളത്തിന്റെ പ്രതിസന്ധിക്കു കാരണമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിയിൽ പെട്ടുവെന്നും ആരോപിച്ചു.

Tags:    
News Summary - Chief Minister Pinarayi Vijayan replied to Prime Minister Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.