ചില കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകി ആളുകളെ മായാവലയത്തിലാക്കാമെന്ന് ചില മാധ്യമങ്ങൾ കരുതുന്നു -മുഖ്യമന്ത്രി

കോട്ടയം: ചില കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകി ആളുകളെ മായാവലയത്തിലാക്കാമെന്നാണ് ചില മാധ്യമങ്ങൾ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അങ്ങനെ സർക്കാറിനെ പുച്ഛത്തോടെ കാണുന്ന നിലയിലെത്തിക്കാമെന്നാണോ കരുതുന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് ചേരുന്നതാണോ ഇതെന്ന് പരിശോധിക്കണം. പാളിച്ചകൾ അവർ സ്വയം പരിശോധിക്കണം. തിരുത്താൻ വരുന്നില്ല. പക്ഷേ, സ്വയം പരിശോധിക്കേണ്ട സമയം അതിക്രമിച്ചു. സർക്കാറിനെ നല്ല രീതിയിൽ പിന്താങ്ങുന്ന സമീപനമാണ് ജനങ്ങൾ സ്വീകരിച്ചത്.

വർഗീയതയെ പ്രീണിപ്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാൻ സാധിക്കില്ല. മതനിരപേക്ഷമാണെന്ന് പറയുന്നവർപോലും വർഗീയതയുടെ ചിഹ്നം അണിയുന്നു. വർഗീയതയുമായി സമരസപ്പെടുന്നത് അത് പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്‌. വർഗീയതയെ ശക്തമായി തള്ളിക്കളയുകയാണ് മതനിരപേക്ഷത നിലനിർത്താൻ പ്രധാനം. എന്നാൽ, ന്യൂനപക്ഷങ്ങളിലെ ചെറിയ വിഭാഗം തെറ്റായി ചിന്തിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയതകൊണ്ട് നേരിടാമെന്ന ഇവരുടെ നിലപാട് ആത്മഹത്യാപരമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പരസ്പരപൂരകങ്ങളാണ്. രാജ്യത്ത് ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണ്. ഇതാണ് പ്രവാചകനിന്ദയിൽ കാര്യങ്ങൾ എത്തിച്ചത്. ഇത് ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭൂരിപക്ഷ വർഗീയതയുടെ നിലപാടാണ് ഇത്. കേരളത്തിൽ ഇതൊന്നും നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Chief Minister Pinarayi Vijayan about media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.