ഇത് സി.പി.എം അജണ്ട; മുഖ്യമന്ത്രി വർഗീയത ആളിക്കത്തിക്കുന്നു -രമേശ്‌ ചെന്നിത്തല

ആലുവ: മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. മാറാട് കലാപം വീണ്ടും ഓർമിപ്പിക്കുകയും അതിൽ മുളക് തേക്കുകയും ചെയ്യുകയാണ്. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. ഇത് സി.പി.എം അജണ്ടയാണ്. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോജിക്കുന്നതിൽ തെറ്റില്ലെന്നും അതാണ് നല്ലതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് പറയുന്നത് പാർട്ടി നയമാണ്. പ്രതിപക്ഷ നേതാവിനെ അവർ എതിർക്കുന്നതിനെ കുറിച്ച് അവരോട് ചോദിക്കണം. താൻ എന്നും മതേതര നിലപാടുള്ളയാളാണെന്നും ചെന്നിത്തല പറഞ്ഞു. താങ്കളോളം യോഗ്യൻ കോൺഗ്രസിൽ മറ്റാരുണ്ട് എന്ന സുകുമാരൻ നായരുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.

അതേസമയം, ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന സംഘ് പരിവാരിന്റെ അതേ വഴിയിലൂടെയാണ് സി.പി.എം യാത്ര ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചിരുന്നു. ആദ്യം എ.കെ. ബാലന്റെ പ്രസ്താവന. പിന്നീട് സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ് ഇതെല്ലാം നടക്കുന്നതെന്നും എന്താണ് ഇടതുപക്ഷവും സംഘ്പരിവാറും തമ്മിലുള്ള വ്യത്യാസമെന്നും വി.ഡി. സതീശൻ ചോദിച്ചു.

വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്ന സജി ചെറിയാന്‍റെ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയെ വളർത്താൻ കഴിയുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍റെ ഒരു ഉദാഹരണമാണ് താൻ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. മന്ത്രിയുടെ വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും യൂത്ത് കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ബിനു ചുള്ളിയിൽ നൽകിയ പരാതിയിൽ പറയുന്നു.  

Tags:    
News Summary - Chief Minister is fueling communalism - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.