നീലേശ്വരം: പൊലീസ് പെട്രോളിങ്ങിനിടയിൽ ജീപ്പിന് കൈനീട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് വിദ്യാർഥികൾ സംഭാവന നൽകി മാതൃകയായി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ അയൽവാസികളായ മനോഹരെൻറ മകൾ കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയ ഒമ്പതാം ക്ലാസ് വിദ്യാർഥി ശ്രീനിദയും നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മനോജിെൻറ മകൻ സൂര്യകൃഷ്ണയുമാണ് സംഭാവന നൽകിയത്.
ശ്രീനിദ തനിക്ക് കിട്ടിയ സ്കോളർഷിപ് തുകയാണ് നൽകിയതെങ്കിൽ സൂര്യകൃഷ്ണ തനിക്കു കിട്ടിയ വിഷുക്കൈനീട്ടമാണ് സംഭാവന നൽകിയത്. ഇവരെ പൊലീസ് അഭിനന്ദിച്ചു. നീലേശ്വരം സ്റ്റേഷനിലെ ചെക്കിങ് പോയൻറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ രാമചന്ദ്രനാണ് തുക കൈമാറിയത്. എ.എസ്.ഐ ഉണ്ണിരാജൻ, സീനിയർ സിവിൽ ഓഫിസർമാരായ ജയചന്ദ്രൻ, ജയശ്രീ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കുപ്പായം വേണ്ട; മുട്ടിക്കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിക്ക്
ചെറുപ്പത്തൂർ: പുത്തൻ കുപ്പായം വേണ്ടന്നുവെച്ച് മുട്ടിക്കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിക്ക്. പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിലെ സഹോദരങ്ങളായ അമത് കൃഷ്ണനും സഹോദരിയുമാണ് തങ്ങളുടെ കൊച്ചു സമ്പാദ്യക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ ഏറ്റുവാങ്ങി. 5000 രൂപയാണ് സമ്പാദ്യ കുടുക്കയിൽ ഉണ്ടായിരുന്നത്. സ്കൂൾ തുറന്നാൽ കുപ്പായവും ബാഗും വാങ്ങാൻ സൂക്ഷിച്ചു വെച്ച പണമായിരുന്നു ഇത്. ‘തൽക്കാലം ഞങ്ങൾക്ക് ഒന്നും വേണ്ട. കൊറോണക്കെതിരെ ജയിച്ചാൽ മതി’- കുട്ടികൾ പറഞ്ഞു. ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളി സി. കൃഷ്ണെൻറയും സി.ശശികലയുടെ മക്കളാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.