തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രദേശിക തലത്തിൽനിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു തങ്കച്ചനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചു. കെ.പി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച തങ്കച്ചൻ എല്ലാവരോടും സൗഹൃദം പുലർത്തിയ വ്യക്തിയായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് ആലുവയിലായിരുന്നു തങ്കച്ചന്‍റെ അന്ത്യം. രണ്ടാം എ.കെ. ആന്‍റണി മന്ത്രിസഭയിലെ കൃഷി മന്ത്രി, യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡൻറ്, നിയമസഭ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1991-1995ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996ലെ എ.കെ. ആന്‍റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും1996-2001ലെ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു.
2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡന്‍റായും നിയമിതനായി. 2004ൽ കെ.പി.സി.സി താത്കാലിക പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ ഈ സ്ഥാനത്ത് തുടർന്നു.
എറണാകുളം അങ്കമാലിയിൽ ഫാ. പൗലോസിന്‍റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി. 1968ൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായതിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന റെക്കോർഡ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.