കൊച്ചി: അരനൂറ്റാണ്ടായി ബി.ജെ.പിയും ആര്.എസ്.എസും ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് യാഥാർഥ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
വർഗീയ വിഭജനംകൊണ്ട് മാത്രമേ നിയമസഭ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്ക്കാന് കഴിയൂവെന്ന ധാരണയില്‍ ജനങ്ങളെ മതപരമായി വിഭജിക്കാനാണ് ശ്രമം. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും തരംപോലെ പ്രോത്സാഹിപ്പിച്ച് തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ നരേന്ദ്ര മോദി നടത്തുന്ന ശ്രമത്തിനൊപ്പം മുഖ്യമന്ത്രി മത്സരിക്കുകയാണ്. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് പോലും ആർ.എസ്.എസ് ഭരണത്തില്‍ പിടിമുറുക്കുന്നുവെന്ന് അഭിപ്രായമുണ്ട്. ആർ.എസ്.എസുകാർ പ്രതികളായ കേസുകളിൽ അവരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്. മതേതര കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം എ.കെ. ബാലന് അദ്ദേഹത്തിന്റെ നാവായി പ്രവര്‍ത്തിക്കുന്നത് മതേതര വിശ്വാസികള്‍ അംഗീകരിക്കില്ല.
ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ തിരിച്ച് യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചനയുണ്ടായിട്ടില്ല. സിറോ മലബാര്‍ സഭ ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് പോയതും സംസാരിച്ചതും താനടക്കം നേതാക്കളുടെ അറിവോടെയാണ്. ശബരിമല സ്വർണപ്പാളി വിഷയത്തില്‍ തനിക്ക് അറിയാവുന്നത് പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇനിയുള്ളതെന്തെന്ന് അവരാണ് നോക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.