മുഖ്യമന്ത്രി പിണറായി വിജയനെയും ഭാര്യ കമലയെയും രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കുന്നു (ഫയൽ ചിത്രം)

മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു; ഗോവ സന്ദർശനത്തിന് ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. എന്നാൽ, സൗഹൃദ സന്ദർശനമായിരുന്നെന്ന് കൂടിക്കാഴ്ചക്കുശേഷം രാജ്ഭവൻ വിശദീകരിച്ചു. മുഖ്യമന്ത്രിയെയും ഭാര്യയെയും ഗവർണർ ഗോവ സന്ദർശനത്തിന് ക്ഷണിച്ചു.

ജനുവരി 22നും മുഖ്യമന്ത്രിയും കുടുംബവും രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ കണ്ടിരുന്നു. 25 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയാണ് നടന്നത്. അന്ന് രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ഗവർണർ ക്ഷണിക്കുകയും ചെയ്തിരുന്നു. രാജ്ഭവനില്‍ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെ ക്ഷണിച്ചത്. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഗവർണർമാർ ബില്ലുകൾ പിടിച്ചുവെക്കുന്നതിന് പരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരള ഗവർണർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്‍റാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നുമാണ് ഗവർണർ പറഞ്ഞത്. ഇതിനെതിരെ രാഷ്ട്രീയ പ്രതികരണങ്ങളുമുണ്ടായിരുന്നു. ഈ അവസരത്തിൽ മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് എത്തുന്നെന്ന വിവരത്തിന് രാജ്ഭവൻ വൃത്തങ്ങളും രാഷ്ട്രീയ പ്രാധാന്യം പ്രതീക്ഷിച്ചിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിലാണ് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ, തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍.എന്‍. രവിയുടെ നടപടിക്കെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

എന്നാൽ, ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞാണ് അർലേക്കർ വിമർശിച്ചത്. ‘ഹരജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒന്നോ, മൂന്നോ മാസമായാലും, അത് ഒരു ഭരണഘടനാ ഭേദഗതിയാകും. കോടതിയാണ് ഭരണഘടന ഭേദഗതി ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്‍റും എന്തിനാണ്’ -എന്നായിരുന്നു അർലേക്കറുടെ ചോദ്യം.

‘ഭേദഗതിക്കുള്ള അധികാരം പാർലമെന്‍റിനാണ്. ഭരണഘടന ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. അവിടെയിരുന്നു രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്നാൽ, അതു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്. തമിഴ്‌നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈകോടതികളും സുപ്രീംകോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു. അതിനു പല കാരണങ്ങളുണ്ടാകും. സുപ്രീംകോടതി ജഡ്ജിമാർക്ക് കാരണങ്ങളുണ്ടെങ്കിൽ, ഗവർണർമാർക്കും കാരണങ്ങളുണ്ടാകും. അത് അംഗീകരിക്കണം’ -അർലേക്കർ പറഞ്ഞു.

അതേസമയം, നിയമസഭകൾ പാസ്സാക്കി അനുമതിക്കായി അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതാദ്യമായാണ്‌ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയ പരിധി നിശ്ചയിക്കുന്നത്.

രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201ാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ അനുച്ഛേദത്തിൽ സമയ പരിധി പറയുന്നില്ല. ബില്ലുകളിൽ രാഷ്ട്രപതിയുടെ തീരുമാനം വൈകരുത് എന്ന് സർക്കാരിയ, പൂഞ്ചി കമീഷനുകളുടെ ശുപാർശകളിലും കേന്ദ്ര സർക്കാർ ഇറക്കിയിട്ടുള്ള മാനദണ്ഡത്തിലും വിശദീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Chief Minister and wife met Governor Rajendra Arlekar at Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.