എം.​പി. പ​ര​മേ​ശ്വ​ര​ൻ

നാലാം ലോകം: സി.പി.എമ്മിനെ പിടിച്ചുലച്ച പ്രത്യയശാസ്ത്ര പ്രക്ഷോഭം

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എ​മ്മി​ന്റെ പ്ര​ത്യ​യ​ശാ​സ്ത്ര അ​ടി​ത്ത​റ​യെ വെ​ല്ലു​വി​ളി​ക്കു​ക​യും പാ​ർ​ട്ടി​ക്കു​ള്ളി​ൽ സൈ​ദ്ധാ​ന്തി​ക പ്ര​ക​മ്പ​ന​ങ്ങ​ൾ​ക്ക്​ തി​രി​കൊ​ളു​ത്തു​ക​യും ചെ​യ്ത ബ​ദ​ൽ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടാ​യ ‘നാ​ലാം ലോ​ക’​ത്തി​ന്റെ ക​ർ​ത്താ​വും വ​ക്താ​വു​മാ​യി​രു​ന്നു എം.​പി. പ​ര​മേ​ശ്വ​ര​ൻ. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ സോ​ഷ്യ​ലി​സ്റ്റ് പ​രീ​ക്ഷ​ണ​ങ്ങ​ൾ നേ​രി​ട്ട തി​രി​ച്ച​ടി​ക​ളെ​യും പാ​രി​സ്ഥി​തി​ക പ​രി​മി​തി​ക​ളെ​യും വി​ശ​ക​ല​നം ചെ​യ്ത് പ​ര​മേ​ശ്വ​ര​ൻ മു​ന്നോ​ട്ടു​വെ​ച്ച ബ​ദ​ൽ സി​ദ്ധാ​ന്തം സി.​പി.​എ​മ്മി​നു​ള്ളി​ൽ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ആ​ശ​യ​പ​ര​മാ​യ കൊ​ടു​ങ്കാ​റ്റ്​ സൃ​ഷ്ടി​ച്ചു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യു​ള്ള ബ​ന്ധം മു​റി​ച്ചും ‘തി​രു​ത്ത​ൽ വാ​ദ​ത്തി​ന്‍റെ ബു​ദ്ധി​കേ​ന്ദ്ര​മെ​ന്ന്​’ വി​ധി​ച്ചും പ​ര​മേ​ശ്വ​ര​നെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​ലാ​യി​രു​ന്നു ആ​ശ​യ​സ​മ​ര​ങ്ങ​ളു​ടെ പ​ര്യ​വ​സാ​നം. 2003-2004 കാ​ല​യ​ള​വി​ലാ​ണ് ‘നാ​ലാം ലോ​കം നാ​ള​ത്തെ ലോ​കം’ എ​ന്ന പ​ര​മേ​ശ്വ​ര​ന്‍റെ ബ​ദ​ൽ വാ​ദം സി.​പി.​എ​മ്മി​നെ പി​ടി​ച്ചു​കു​ലു​ക്കി​യ​ത്.

1998ൽ ​ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട് ഗ്ര​ന്ഥ​രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്ത ‘നാ​ലാം ലോ​കം’ പ​ര​മ്പ​രാ​ഗ​ത ക​മ്യൂ​ണി​സ്റ്റ് വി​ക​സ​ന സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കു​ള്ള തി​രു​ത്ത​ലാ​യാ​ണ് എം.​പി. പ​ര​മേ​ശ്വ​ര​ൻ അ​വ​ത​രി​പ്പി​ച്ച​ത്. സോ​വി​യ​റ്റ് യൂ​നി​യ​ന്റെ ത​ക​ർ​ച്ച​യും ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ സോ​ഷ്യ​ലി​സ്റ്റ് പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വീ​ഴ്ച​ക​ളും വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ട് മാ​ർ​ക്സി​സം, ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ, പാ​രി​സ്ഥി​തി​ക ശാ​സ്ത്രം, പ​ങ്കാ​ളി​ത്ത ജ​നാ​ധി​പ​ത്യം എ​ന്നി​വ സം​യോ​ജി​പ്പി​ച്ചു​ള്ള പു​തി​യ സോ​ഷ്യ​ലി​സ്റ്റ് സ​ങ്ക​ൽ​പം അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു.

ഭൗ​തി​ക വ​സ്തു​ക്ക​ളു​ടെ വ​ൻ സ​മൃ​ദ്ധി സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​കു​മെ​ന്ന പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്സി​യ​ൻ കാ​ഴ്ച​പ്പാ​ടി​നെ നാ​ലാം ലോ​ക സി​ദ്ധാ​ന്തം ത​ള്ളി​ക്ക​ള​ഞ്ഞു. നാ​ലാം ലോ​ക​ത്തി​ന്റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ എ​ന്ന​ത് ഗ്രാ​മ​ങ്ങ​ളു​ടെ പാ​രി​സ്ഥി​തി​ക ശു​ദ്ധി​യും ന​ഗ​ര​ങ്ങ​ളു​ടെ സൗ​ക​ര്യ​ങ്ങ​ളും ചേ​രു​ന്ന സ്വ​യം​പ​ര്യാ​പ്ത​മാ​യ ‘ഗ്രാ​മ​ന​ഗ​രം’ ശൃം​ഖ​ല​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു.

കു​ലു​ങ്ങി​യെ​ങ്കി​ലും പ്ര​തി​രോ​ധി​ച്ച്​ സി.​പി.​എം

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​പ്പു​ക്കു​ട്ട​ൻ വ​ള്ളി​ക്കു​ന്ന് എ​ഴു​തി​യ വി​മ​ർ​ശ​ന ലേ​ഖ​ന​ത്തോ​ടെ​യാ​ണ് ഈ ​വി​ഷ​യം പ​ര​സ്യ രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്. വ​ർ​ഗ​സ​മ​ര​മെ​ന്ന മാ​ർ​ക്സി​യ​ൻ അ​ടി​ത്ത​റ​യെ നാ​ലാം ലോ​ക സി​ദ്ധാ​ന്തം നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന​താ​യി​രു​ന്നു പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം. സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ വ്യാ​പ്തി കു​റ​ക്കാ​നും എ​ൻ.​ജി.​ഒ മോ​ഡ​ൽ ബ​ദ​ൽ രാ​ഷ്ട്രീ​യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മാ​ത്ര​മാ​ണ് ഈ ​സി​ദ്ധാ​ന്തം ഉ​ത​കു​ന്ന​തെ​ന്ന് സി.​പി.​എം സൈ​ദ്ധാ​ന്തി​ക​ർ ആ​രോ​പി​ച്ചു.

ഈ ​ആ​ശ​യ​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ൾ ഒ​ടു​വി​ൽ പാ​ർ​ട്ടി ത​ല​ത്തി​ൽ ഔ​ദ്യോ​ഗി​ക ച​ർ​ച്ച​യാ​യി. നാ​ലാം ലോ​കം മാ​ർ​ക്സി​സ്റ്റ് ത​ത്ത്വ​ങ്ങ​ൾ​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് വി​ല​യി​രു​ത്തി 2004 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​ര​മേ​ശ്വ​ര​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​ത്. ‘കാ​ല​ഹ​ര​ണ​പ്പെ​ടാ​ത്ത സ്വ​പ്‌​ന​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ എം.​പി. പ​ര​മേ​ശ്വ​ര​ൻ എ​ഴു​തി​യ ആ​ത്മ​ക​ഥ കൃ​ത്യ​മാ​യ മ​റു​പ​ടി കൂ​ടി​യാ​യി​രു​ന്നു.

മ​ഴ തോ​ർ​ന്നി​ട്ടും പി​ന്നെ​യും മ​രം പെ​യ്തു

നാ​ലാം ലോ​ക സി​ദ്ധാ​ന്ത​വും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളും കേ​വ​ലം ഒ​രു വ്യ​ക്തി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​ലേ​ക്ക് മാ​ത്രം പ​രി​മി​ത​പ്പെ​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു വ​സ്തു​ത. അ​ത് ഇ​ട​ത് രാ​ഷ്ട്രീ​യ ചി​ന്ത​ക​ളി​ൽ പു​തി​യൊ​ര​ധ്യാ​യം ത​ന്നെ തു​റ​ന്നു. ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ‘ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ സോ​ഷ്യ​ലി​സം’ എ​ന്ന ആ​ശ​യ​ങ്ങ​ൾ​ക്ക് എം.​പി. പ​ര​മേ​ശ്വ​ര​ന്റെ നാ​ലാം ലോ​ക ചി​ന്ത​ക​ളു​മാ​യി പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ സാ​മ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​ത്​ സി.​പി.​എ​മ്മി​ന്​ ത​ള്ളി​ക്ക​ള​യാ​നാ​കു​മാ​യി​രു​ന്നി​ല്ല. മ​റു​ഭാ​ഗ​ത്ത്​ പാ​രി​സ്ഥി​തി​ക സോ​ഷ്യ​ലി​സ​ത്തി​ന്റെ പ്രാ​ധാ​ന്യം ജ​ന​ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഈ ​ച​ർ​ച്ച​ക​ൾ സ​ഹാ​യി​ച്ചു.

പാ​ർ​ട്ടി​ത​ല​ത്തി​ൽ വി​രോ​ധം നേ​രി​ട്ട​പ്പോ​ഴും എം.​പി. പ​ര​മേ​ശ്വ​ര​ൻ മു​ന്നോ​ട്ടു​വെ​ച്ച വി​കേ​ന്ദ്രീ​കൃ​ത ആ​സൂ​ത്ര​ണ സ​ങ്ക​ൽ​പ​ങ്ങ​ളും അ​യ​ൽ​ക്കൂ​ട്ട സം​വി​ധാ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ ഭ​ര​ണ വ്യ​വ​സ്ഥ​യു​ടെ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഭാ​ഗ​മാ​യി മാ​റി. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് തു​ട​ങ്ങി​യ സാം​സ്കാ​രി​ക-​ജ​ന​കീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ വേ​രു​പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ പാ​ർ​ട്ടി ത​ങ്ങ​ളു​ടെ സം​ഘ​ട​നാ​പ​ര​മാ​യ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി​യെ​ന്ന​താ​ണ് മ​റ്റൊ​ന്ന്.

Tags:    
News Summary - നാലാം ലോകം: സി.പി.എമ്മിനെ പിടിച്ചുലച്ച പ്രത്യയശാസ്ത്ര പ്രക്ഷോഭം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.