അലറിവിളിച്ച് അക്രമാസക്തനായി ബാബു; പ്രതികരണവുമായി മാതാവ്

പാലക്കാട്: പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങി സൈന്യം രക്ഷിച്ച ബാബു എന്ന യുവാവിന്റെ പുതിയ വിഡിയോ വൈറലാകുന്നു. അലറിവിളിച്ച് അസഭ്യം പറഞ്ഞ് അക്രമാസക്തനായ നിലയിലുള്ള വിഡിയോ ആണ് പുറത്തുവന്നത്. മാതാവും കൂട്ടുകാരും ചേർന്ന് പിടിച്ചുവെക്കാൻ ശ്രമിച്ചിട്ടും കുതറിയോടി മണ്ണിൽ കിടന്നുരുളുന്ന ബാബു കൂട്ടുകാരെ ചവിട്ടുന്നതും 'എനിക്ക് ചാകണം, ചാകണം' എന്ന് വിളിച്ചു കൂവുന്നതും കാണാം.

വടിയുമെടുത്ത് മാതാവും തലയിൽ വെള്ളമൊഴിച്ച് കൂട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കഞ്ചാവ് പോലുള്ള മയക്കുമരുന്ന് കഴിച്ചിട്ടാണ് ബാബു ഇത്തരത്തിൽ പെരുമാറുന്നതെന്ന കുറി​പ്പോടെയാണ് ഈ വിഡിയോ പ്രചരിക്കുന്നത്. എന്നാ​ൽ, ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നും മാതാവ് പറയുന്നു. കൂട്ടുകാരനൊപ്പം മദ്യപിച്ചിരുന്നതായും തുടർന്ന് ബഹളം വെച്ചപ്പോൾ അവിടെയുണ്ടായിരുന്നവരോട് പിടിച്ചുവെക്കാൻ പറഞ്ഞതാണെന്നും ഇവർ പറഞ്ഞു.

'ഫെബ്രുവരിയിൽ മലയിൽ കുടുങ്ങിയതുമുതൽ അവൻ മാനസികമായി വളരെ ടെൻഷനിലാണ്. പുറത്തിറങ്ങിയാൽ അതേക്കുറിച്ച് തന്നെയാണ് ആളുകളുടെ ചോദ്യം. സംഭവ ദിവസം മദ്യപിച്ച് സഹോദരനുമായി വഴക്കിട്ടപ്പോൾ ഞാൻ വഴക്കു പറയുകയും വടിയെടുത്ത് അവനെ രണ്ടുമൂന്ന് അടി അടിക്കുകയും ചെയ്തു. പിന്നാലെ ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്ക് പോയി. ക്വാറിയിൽ ചാടി മരിക്കുമോ എന്ന് ഭയന്ന് ഞാൻ പുറകേ ചെന്നു. അവിടെയുണ്ടായിരുന്നവരോട് പിടിച്ചുവെക്കാൻ പറഞ്ഞ​പ്പോൾ അവരെ തെറിപറഞ്ഞു. ഇത് അടിപിടിയായി. ഇതാണ് ചിലർ വിഡിയോ എടുത്തത്. അതല്ലാതെ കഞ്ചാവടിച്ച് ബഹളമുണ്ടാക്കിയതല്ല. അവന് കഞ്ചാവ് എന്താണെന്ന് പോലും അറിയില്ല' -മാതാവ് പറഞ്ഞു.

കഴിഞ്ഞ ​ഫെബ്രുവരിയിൽ ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയതോടെയാണ് ബാബുവിനെ കുറിച്ച് പുറംലോകമറിഞ്ഞത്. പാറയിടുക്കിൽനിന്ന് 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്. മുക്കാല്‍ കോടിയോളം രൂപയാണ് രക്ഷാപ്രവർത്തനത്തിന് ചെലവ് വന്നത്. സംഭവത്തിൽ വനത്തിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തിരുന്നു. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. 

Tags:    
News Summary - Cherad hill fame Babu's new video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.