പാലക്കാട് എസ്.പി, പിടിയിലായ പ്രതി ചെന്താമര

‘ചെന്താമര വിദഗ്ധനായ ക്രിമിനൽ, ക്രൈം സീൻ പുനരാവിഷ്കരിക്കും’; മറഞ്ഞിരുന്ന് പൊലീസിനെ നിരീക്ഷിച്ചെന്നും എസ്.പി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര അതിവിദഗ്ധനായ ക്രിമിനലെന്ന് പാലക്കാട് എസ്.പി രാജേഷ്‌കുമാർ. മണിക്കൂറുകളോളം ഒളിച്ചിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാൾക്ക് കൃത്യമായ ധാരണയുണ്ട്. എവിടെ ഒളിക്കണമെന്നും പ്രതിക്ക് കൃത്യമായറിയാം. മലയുടെ മുകളിൽ മറഞ്ഞിരുന്ന് പൊലീസിന്‍റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എസ്.പി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

“ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പ്രതിയെ പിടികൂടിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് ഇത് സാധ്യമായത്. ഇയാളെ വിവിധ സ്ഥലങ്ങളിൽനിന്ന് കണ്ടതായി ആളുകൾ പറയുകയുണ്ടായി. എല്ലായിടത്തും പൊലീസ് അന്വേഷിച്ചു. ഒടുവിൽ വീടിനു സമീപത്തെ വയലിൽനിന്നാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇതിനോടകം ഒരുതവണ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ ലഭിച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യും.

സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ക്രൈം സീൻ പുനരാവിഷ്കരിക്കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെനിന്ന് ലഭിച്ചെന്ന് ഇയാൾ പറഞ്ഞിട്ടില്ല. ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യ വിട്ടുപോയതോടെയാണ് വൈരാഗ്യം കൂടിയതെന്നാണ് വിവരം. അയൽക്കാർ മന്ത്രവാദം ചെയ്തതോടെ ഭാര്യ വിട്ടുപോയെന്നാണ് പ്രതി കരുതുന്നത്. ഇതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

അതിവിദഗ്ധനായ ക്രിമിനലാണ് ചെന്താമര. മണിക്കൂറുകളോളം മറഞ്ഞിരുന്ന പോത്തുണ്ടി മല മുഴുവൻ അയാൾക്ക് വ്യക്തമായി അറിയാം. എവിടെ, എങ്ങനെ ഒളിക്കണമെന്ന് വ്യക്തമായ ധാരണയുണ്ട്. മലയുടെ മുകളിൽ മറഞ്ഞിരുന്ന് പൊലീസിന്‍റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. അന്വേഷണ സംഘത്തിലെ എല്ലാവരുടെയും ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്. തിരച്ചിലിന് സഹായിച്ച നെന്മാറയിലെ നാട്ടുകാരോടും പ്രത്യേകം നന്ദി പറയുന്നു” -എസ്.പി പറഞ്ഞു.

2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര, ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്തമാര പിടിയിലായത്. പൊലീസ്‌ നാട്ടുകാരുമായി ചേർന്ന്‌ തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ്‌ കെണിയൊരുക്കിയത്.

നാട്ടുകാരറിയാതെ വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം രാത്രി 11.15ഓടെ സ്വകാര്യ കാറിൽ നെന്മാറ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതി പിടിയിലായ വിവരമറിഞ്ഞ്‌ നാട്ടുകാർ പൊലീസ്‌ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും പ്രതിയെ വിട്ടുതരണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിഷേധിക്കുകയും ചെയ്തു.

Tags:    
News Summary - Chenthamara is a master criminal, will recreate the crime scene: Palakkad SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.