കൊച്ചി: വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനും ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്താതെ തെരഞ്ഞെടുപ്പിെൻറ പതിെനാന്നാം മണിക്കൂറിലാണ് ഇരട്ട വോട്ട് സംബന്ധിച്ച പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. വോട്ടർപട്ടികയിൽ വ്യാജമായി പേരുകൾ ചേർത്തതിനെതിരെ പ്രതിപക്ഷ നേതാവ് നൽകിയ ഹരജിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ വിശദീകരണം. 2020 നവംബർ 16ന് കരട് പട്ടിക പ്രസിദ്ധീകരിച്ചത് മുതൽ മാർച്ച് ഒമ്പത് വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് പേര് ചേർക്കുകയും പരാതികൾ തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം നടപടികൾക്ക് പരമാവധി അവസരം എല്ലാവർക്കും ലഭിച്ചിട്ടുണ്ട്. നടപടികളിൽനിന്ന് ഹരജിക്കാരനെയടക്കം ആരും തടഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ജാഗ്രത പുലർത്താതെയാണ് അവസാന നിമിഷം കമീഷനെ സമീപിച്ചിരിക്കുന്നതെന്നും പത്രികയിൽ പറയുന്നു. ജനുവരി 15ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുംമുമ്പ് 2020 ഡിസംബർ 15 വരെ അപേക്ഷ നൽകാനും നീക്കം ചെയ്യലടക്കം എതിർപ്പറിയിക്കാനും അവസരം നൽകി. പിന്നീട് ഇത് ഡിസംബർ 31 വരെ നീട്ടി. 2.57 ലക്ഷം പേരെ കൂട്ടിച്ചേർത്തും 98,840 വോട്ടുകൾ നീക്കം ചെയ്തും പുതുക്കിയ കരട് പട്ടിക ഇറക്കി.
പിന്നീട് 5,79,835 പേരെ കൂട്ടിച്ചേർത്തും 1,56,413 പേരെ ഒഴിവാക്കിയും ജനുവരി 20ന് അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. തുടർന്നും മാർച്ച് ഒമ്പത് വരെ പേര് ചേർക്കലും പരാതി പരിഹാര നടപടികളുമുണ്ടായി. നാമനിർദേശ പത്രിക നൽകേണ്ട അവസാന ദിവസത്തെ കണക്കനുസരിച്ച് 2,74,46,039 വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നവംബർ ഒമ്പതിന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിലെ അംഗങ്ങൾ സംസ്ഥാനം സന്ദർശിച്ചിരുന്നു. അന്നൊന്നും ഉന്നയിക്കാത്ത പരാതിയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
മാർച്ച് 17 മുതൽ ഹരജിക്കാരനിൽനിന്ന് ലഭിച്ച പരാതികളെല്ലാം പരിശോധിച്ച് ബോധപൂർവം ഒന്നിലേറെ വോട്ടുകൾ േചർത്തിട്ടുണ്ടോയെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകാൻ ജില്ല ഒാഫിസർമാർക്ക് നിർദേശം നൽകി. വ്യാജ വോട്ടുകൾതടയാൻ നടപടിക്കും നിർദേശിച്ചു. ഉദുമയിൽ അഞ്ചിടത്ത് വരെ വോട്ടർക്ക് പട്ടികയിൽ പേരുണ്ടായ സംഭവത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു. കള്ളവോട്ട് തടയാൻ വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്നുണ്ട്.
ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്ന് ഒട്ടേറെ കോടതി ഉത്തരവുകളുണ്ട്. ബൂത്തിലെത്താൻ കഴിയാത്ത വോട്ടർമാരെ വീട്ടിെലത്തി വോട്ട് ചെയ്യിക്കാൻ നടപടികൾ മാർച്ച് 26ന് ആരംഭിച്ചതോടെ പോളിങ് നടപടികൾ തുടങ്ങി. ഈ സാഹചര്യത്തിൽ ഹരജി തള്ളണമെന്നും വിശദീകരണത്തിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.