എം.സി. ഖമറുദ്ദീൻ എം.എൽ.എക്കെതിരെ വണ്ടിച്ചെക്ക് കേസും

കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെതിരെ വണ്ടിച്ചെക്ക് കേസ്. എം.എൽ.എ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കള്ളാർ സ്വദേശികളായ സഹോദരന്മാരുടെ പരാതിയിലാണ് കേസെടുത്തത്. 78 ലക്ഷം രൂപ നിക്ഷേപിച്ച രണ്ടു പേർക്ക് വണ്ടിച്ചെക്ക് നൽകിയ കേസിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എം.എൽ.എക്ക് സമൻസ് അയച്ചു. ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ചു ചോദിച്ചപ്പോൾ ചെക്ക് നൽകുകയും പണം ഇല്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടർന്ന് പരാതിക്കാർ കോടതിയെ സമീപിച്ചത്. കേസിൽ ഡിസംബറിൽ ഹാജരാകാൻ കമറുദ്ദീന് കോടതി നിർദേശം നൽകി. 

മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക്​ തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ നേരത്തെ കേസെടുത്തിരുന്നു. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ്​ പരാതിയിൽ പറയുന്നത്. സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ ചന്തേര പൊലീസ്​ കേസെടുത്തത്.

ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്​ദുൽ ഷുക്കൂർ (30 ലക്ഷം), എം.ടി.പി. സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്നു ലക്ഷം) എന്നിവരാണ് പരാതി നൽകിയത്. ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ, മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് പരാതി.

ഫാഷൻ ഗോൾഡ് ജ്വല്ലറിയിലെ 800 നിക്ഷേപകരിൽ മദ്​റസ അധ്യാപകനുൾപ്പെടെയുള്ള ഏഴു പേർ നേരത്തേ ജില്ല പൊലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു. കാഞ്ഞങ്ങാട്ടെ സി. ഖാലിദ് (78 ലക്ഷം), മദ്​റസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം.ടി.പി അബ്​ദുൽ ബാഷിർ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടകവീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ.പി. നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ.കെ. സൈനുദ്ദീൻ (15 ലക്ഷം) എന്നിവരാണ്‌ പരാതി നൽകിയത്‌.

ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും നേരത്തേ വിൽപന നടത്തിയിരുന്നു.

ചിലർ തനിക്കെതിരെ കള്ളക്കേസ്​ ചമച്ചതാണെന്നാണ് എം.സി. ഖമറുദ്ദീൻ എം.എൽ.എ ആരോപിക്കുന്നത്. തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.