'മന്ത്രി വാസവൻ സാറിന് ഇഷ്ടപ്പെടാത്ത കാര്യമാണ് പറയാൻ പോവുന്നത്... തൊഴിലാളി പ്രസ്ഥാനത്തെ ആദ്യമായി സംഘടിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്...സി.പി.എം അത് കഴിഞ്ഞാണ് സാർ ഉണ്ടായത്'; എ.ഡി.ജി.പി എസ്.ശ്രീജിത്ത്

കോട്ടയം: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തെ ആദ്യമായി സംഘടിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്നും അത് കഴിഞ്ഞാണ് സി.പി.എം ഉണ്ടായതെന്നും എ.ഡി.ജി.പി എസ്. ശ്രീജിത്ത്. വൈക്കത്ത് നടന്ന ചതയം ദിന പരിപാടിയിൽ മന്ത്രി വി.എൻ വാസവനെ വേദിയിലിരുത്തിയായിരുന്നു എസ്. ശ്രീജിത്തിന്റെ പ്രസംഗം.

'വാസവൻ സാറിന് ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. കേരളത്തിലെ തൊഴിലാളി വർഗത്തെ ആദ്യമായി സംഘടിപ്പിച്ചയാൾ ശ്രീനാരായണ ഗുരുവാണ്. സി.പി.എം അതുകഴിഞ്ഞാണ് സർ ഉണ്ടായത്. കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകുന്നതിന് മുൻപ് 1922ൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്ന സംഘടനക്ക് രൂപം കൊടുത്തയാളാണ് ഗുരുദേവൻ.

തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ ആദ്യ നേതാവ് ആരാണെന്ന് ചോദിച്ചാൽ, അത് ശ്രീനാരായണ ഗുരുവാണെന്ന് പറയേണ്ടിവരും. വട്ടക്കുളം ബാവ, ഡോ.ആന്റണി എന്നിവരുമായി ചേർന്ന് അദ്ദേഹം അന്ന് 300 തൊഴിലാളികളുമായി തുടങ്ങിയ പ്രസ്ഥാനമാണ്. അന്ന് ഗുരുദേവൻ പറഞ്ഞത്, ഇനി വരാൻ പോകുന്നത് തൊഴിലാളികളുടെ യുഗമാണെന്നാണ്. അതാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.'-എസ്. ശ്രീജിത്ത് പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെ അപഹരിക്കാനുള്ള വർഗീയ ശക്​തികളുടെ ശ്രമം ചെറുക്കണം -മുഖ്യമന്ത്രി

കഴക്കൂട്ടം (തിരുവനന്തപുരം): അന്യമത വിദ്വേഷവും ആക്രമണോത്സുക മതവർഗീയതയും പ്രചരിപ്പിക്കുന്ന വർഗീയ ശക്​തികൾ ശ്രീനാരായണ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമങ്ങൾ ചെറുത്തുതോൽപിക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്​തികളാൽ ഗുരു അപഹരിക്കപ്പെടുന്നത്​ അനുവദിച്ചുകൂട. ഗുരുവിന്‍റെ ആദർശം സംരക്ഷിക്കപ്പെടുന്നതിനുള്ള ഇടപെടലിന്​ നേതൃത്വം കൊടുക്കാൻ ശിവഗിരി മഠത്തിന്​ കഴിയണമെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 171ാമത്​ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനവസ്​നേഹത്തിന്‍റെയും ‘അപരൻ താൻ തന്നെ’ എന്ന കാഴ്ചപ്പാടിന്‍റെയും മഹാമന്ത്രങ്ങൾ പകർന്നു​നൽകിയ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഏറെ ജാഗ്രതയോടെ കാണണം. ഈ ലോകത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കി മാറ്റാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച മഹാദർശനങ്ങൾ മു​ന്നോട്ടുവെച്ചയാൾ കൂടിയാണ്​ ഗുരു. അങ്ങനെയുള്ള ഗുരുവിനെ, ഹിന്ദുമത നവോത്ഥാനത്തിന്‍റെ നായകനായി അവതരിപ്പിക്കാൻ വർഗീയ ശക്​തികൾ നടത്തുന്ന ശ്രമത്തിന്‍റെ ചരിത്രവിരുദ്ധതയും മനുഷ്യത്വമില്ലായ്മയും തിരിച്ചറിയാൻ നമുക്ക്​ കഴിയണം. ഗുരുവിന്‍റെ നേതൃത്വത്തിൽ നമുക്ക്​ കൈവന്ന നവോത്ഥാനത്തിന്‍റെ മാനവിക മൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാനാണ്​ വർഗീയ ശക്​തികൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസ്ട്രേലിയൻ പാർലമെന്റിൽ നടത്തുന്ന ശ്രീനാരായണ ഗുരുദേവ കൺവെൻഷന്‍റെ പോസ്റ്റർ ശശി തരൂർ എം.പിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, ട്രസ്റ്റ് ബോർഡ് അംഗം സൂക്ഷ്മാനന്ദ സ്വാമികൾ, ഡോ. ശശി തരൂർ എം.പി, കെ.ജി. ബാബുരാജൻ, ഗോകുലം ഗോപാലൻ, മുരളിയ ഗ്രൂപ് ചെയർമാൻ കെ. മുരളീധരൻ, ജി. മോഹൻദാസ്, നഗരസഭ കൗൺസിലർ ചെമ്പഴന്തി ഉദയൻ, അനീഷ് ചെമ്പഴന്തി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Chathayam Day: ADGP S. Sreejith's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.