കൊല്ലം: എല്ലാ മുസ്ലിം പ്രസ്ഥാനങ്ങളും അപലപിച്ച, ഉദയ്പുർ കൊലപാതകത്തെ, മദ്റസ പഠനവുമായി ബന്ധപ്പെടുത്തി, ഇസ്ലാമിക സംസ്കാരത്തെ അവഹേളിക്കാൻ സംസ്ഥാന ഗവർണർ ശ്രമിച്ചത് ലജ്ജാകരവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം സംഘടന നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഖുർആനും ഭരണഘടനയും വേണ്ടതുപോലെ മനസ്സിലാക്കാത്ത ഗവർണർ കേരളത്തിൽ, മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തെ മാറ്റണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
14 വയസ്സിനു താഴെയുള്ള കുട്ടികൾ മദ്റസയിൽ പഠിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വാദിക്കുന്ന ഗവർണർ, ന്യൂനപക്ഷ സമുദായങ്ങൾക്ക് സ്വഹിതമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അവകാശമുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ഖുർആൻ അനുസരിച്ചല്ല മദ്റസയിൽ പഠിപ്പിക്കുന്നതെന്നും അതെല്ലാം പണ്ഡിതന്മാർ സ്വാർഥതാൽപര്യത്തിന് എഴുതി ഉണ്ടാക്കിയതാണെന്നും ജിഹാദിന്റെ അർഥം വളച്ചൊടിച്ചാണ് പഠിപ്പിക്കുന്നതെന്നുമുള്ള ഗവർണറുടെ ആക്ഷേപം സ്വന്തം മാനസിക വൈകൃതത്തിൽനിന്നും ഉണ്ടായതാണ്.
നേതൃയോഗത്തിൽ ജംഇയ്യതുൽ ഉലമ പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്രത്ത്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജംഇയ്യത്ത് ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ജമാഅത്ത്ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ജംഇയ്യത്ത് സെക്രട്ടറി സി.എ. മൂസ മൗലവി, ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയാ തങ്ങൾ, ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, വൈസ് പ്രസിഡന്റ് എം.എം. ബാവാ മൗലവി എന്നിവർ പങ്കെ ടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.