‘നമ്മൾ ജയിച്ചു അപ്പ...’; 40,000 കടന്ന് ലീഡ്, പുതുപ്പള്ളി വീണ്ടും ചാണ്ടി ഉമ്മനൊപ്പം

കോട്ടയം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നു. കേരളം യു.ഡി.എഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു എന്ന സൂചനകൾ പുറത്തുവന്നതോടെ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ പങ്കുവെച്ച വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പുതുപ്പള്ളിയിൽ തന്റെ ലീഡ് നില 40,000 കടന്നതിന് പിന്നാലെയാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. “നമ്മൾ ജയിച്ചു അപ്പാ....” എന്ന ചുരുങ്ങിയ വാക്കുകളിൽ തന്റെ വിജയവും മുന്നണിയുടെ മുന്നേറ്റവും അദ്ദേഹംപിതാവിന് സമർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ഇന്നും സജീവമായ പുതുപ്പള്ളി മണ്ഡലം അപ്പയോടുള്ള സ്നേഹം മകനിലൂടെ വീണ്ടും പ്രകടിപ്പിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ലീഡ് നിലയെ വിലയിരുത്തുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെയും മറികടക്കുന്ന പ്രകടനമാണ് ഇത്തവണ ചാണ്ടി ഉമ്മൻ കാഴ്ചവെക്കുന്നത്.

Full View

അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണിത്. 2023ൽ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട കാത്തു. 1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു മണ്ഡലത്തിൽ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല.

2006ൽ സി.പി.എമ്മിന്റെ സിന്ധു ജോയിക്ക് എതിരെ 20,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തുടര്‍ന്ന് 2011ൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സുജ സൂസൻ ജോര്‍ജിനെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തി. ഇത് പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. 2016ൽ എൽ.ഡി.എഫിന്റെ ജെക്ക് സി തോമസാണ് കളത്തിലിറങ്ങിയത്. എന്നാൽ, 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വിജയിച്ചു.

സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ കേരളത്തിലെ 96 സീറ്റുകളിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷമായ 71 എന്ന സംഖ്യ ബഹുദൂരം പിന്നിട്ട യു.ഡി.എഫ്, കേരളത്തിൽ ഭരണമാറ്റം ഉറപ്പിച്ചു കഴിഞ്ഞു. ഭരണകക്ഷിയായ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ് പല മണ്ഡലങ്ങളിലും നേരിടുന്നത്. നിലവിൽ 40ഓളം സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നത്. ചില മണ്ഡലങ്ങളിൽ ബിജെപി കടുത്ത മത്സരം കാഴ്ചവെക്കുന്നുണ്ടെങ്കിലും യു.ഡി.എഫ് തരംഗത്തിൽ പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Tags:    
News Summary - Chandy Oommen with an emotional post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.