പുതുപ്പള്ളിയിൽ പ്രതിഷേധിക്കുന്ന ചാണ്ടി ഉമ്മൻ എം.എൽ.എ

‘തന്‍റെ പിതാവിനെ അപമാനിക്കാൻ ശ്രമിക്കുന്നു’; പുതുപ്പള്ളി വികസന സദസിനെതിരെ ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം

കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ വികസന സദസ് നടക്കുന്ന സ്ഥലത്ത് ചാണ്ടി ഉമ്മന്‍ എം.എൽ.എയുടെ ഏകാംഗ പ്രതിഷേധം. അനുവാദമില്ലാതെ വികസന സദസിന് ചാണ്ടി ഉമ്മന്‍റെ പേരും ചിത്രവും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥലം എം.എൽ.എയുടെ പ്രതിഷേധം. ബഹിഷ്കരിച്ച പരിപാടിയിലാണ് തന്‍റെ ചിത്രം വെച്ചിരിക്കുന്നതെന്നും ചാണ്ടി പറഞ്ഞു.

നിർമാണം പൂർത്തിയാകാത്ത മിനി സിവിൽ സ്റ്റേഷന് മുൻ മുഖ്യമന്ത്രിയുടെ ഉമ്മൻചാണ്ടിയുടെ പേര് ഉപയോഗിച്ചെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊടുത്ത ഒരു കോടി രൂപയല്ലാതെ ഒരു രൂപ പോലും നിലവിലെ സർക്കാർ നൽകിയിട്ടില്ല. കഴിഞ്ഞ ഒമ്പത് വർഷക്കാലം സിവിൽ സ്റ്റേഷന് തടസം നിന്നത് സംസ്ഥാന സർക്കാരാണ്. ഒന്നാംഘട്ട നിർമാണം പൂർത്തിയാകാതിരിക്കെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എന്തെങ്കിലും കാണിക്കാൻ വേണ്ടി രണ്ടാംഘട്ട ഉദ്ഘാടനം നടത്തുകയാണ്.

പുതുപ്പള്ളിയെ അവഗണിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ഒരു പരിപാടിയിലേക്കും എം.എൽ.എയെ വിളിക്കാറില്ല. രണ്ട് മന്ത്രിമാർ വന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഇത്തവണ ജോബ് മൈക്കിളാണ് ഉദ്ഘാടകൻ. ഇതിപ്പോൾ തുടർ പരമ്പരയായത് കൊണ്ടാണ് പ്രതിഷേധിക്കേണ്ടി വന്നത്. തലപ്പാടി ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർത്താൻ ശ്രമിച്ചെങ്കിലും ഒരു കല്ലുവെക്കാൻ സമ്മതിച്ചിട്ടില്ല.

ഏറ്റുമാനൂരുമായി ബന്ധിപ്പിക്കുന്ന അയർകുന്നത്തെ പാലത്തിൽ ഇപ്പോഴുമുള്ളത് ഉമ്മൻചാണ്ടി സർക്കാർ സ്ഥാപിച്ച തൂണുകൾ മാത്രമാണുള്ളത്. ഒരു കല്ലെടുത്ത് വെക്കാൻ അനുവദിച്ചിട്ടില്ല. ഇതാണ് പുതുപ്പള്ളിയുടെ അവസ്ഥ. ഉമ്മൻചാണ്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പിതാവിനെ അപമാനിക്കുന്നതിനെതിരെ ഒരു മകന്‍റെ പ്രതിഷേധം കൂടിയാണിതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

Full View

Tags:    
News Summary - Chandy Oommen protests against Puthuppally development meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.