കേരള വി.സി നിയമനത്തിന് ചാൻസലറുടെ വിജ്ഞാപനം: പിൻവലിക്കണമെന്ന പ്രമേയത്തിന് ഹൈകോടതിയുടെ വിമർശനം

കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള രണ്ടംഗ സർച്ച് കമ്മിറ്റിയെ വിജ്ഞാപനം ചെയ്ത ചാൻസലറുടെ നടപടി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തെ വിമർശിച്ച് ഹൈകോടതി.

സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ കഴിയുമോയെന്ന കോടതിയുടെ ചോദ്യത്തിന്, സെനറ്റിന്‍റെ നോമിനിയില്ലാതെ ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിച്ചാൽ നോമിനേറ്റ് ചെയ്യാമെന്ന് അംഗങ്ങൾ ചർച്ച ചെയ്ത് പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്ന് സർവകലാശാല അഭിഭാഷകൻ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വിമർശനം.

ഗവർണർ വിജ്ഞാപനം പിൻവലിക്കണമെന്ന് പറയാൻ എന്ത് അവകാശമാണ് സെനറ്റിനുള്ളതെന്ന് കോടതി ആരാഞ്ഞു. സെനറ്റ് ഒരു പ്രതിനിധിയെ നാമനിർദേശം ചെയ്താൽ പുതിയ വിജ്ഞാപനം ചെയ്യാനാവും. അതോടെ ഈ കേസും പ്രശ്നവും തീരും. എന്നാൽ, പ്രശ്നം പരിഹരിക്കേെണ്ടന്നാണ് സെനറ്റ് അംഗങ്ങളുടെ ആഗ്രഹം. കേരളത്തിന്‍റെ പേരുള്ള സർവകലാശാലയുടെ പ്രവർത്തനമാണ് അവതാളത്തിലാകുന്നതെന്നും പരിഹാരത്തിന് കോടതിയെ സമീപിച്ചിട്ട് കോടതിയെപ്പോലും വിശ്വസിക്കാത്തതെന്തെന്ന് മനസ്സിലാവുന്നില്ലെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. ചാൻസലർ പുറത്താക്കിയതിനെതിരെ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

ചാൻസലർ എന്ത് ചട്ടലംഘനമാണ് നടത്തിയതെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. സർച്ച് കമ്മിറ്റി രൂപവത്കരിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിച്ചതിൽ എന്താണ് തെറ്റ്. സെനറ്റ് അംഗത്തെ ഉൾപ്പെടുത്താതെ വിജ്ഞാപനം പുറപ്പെടുവിച്ചത് നിലനിൽക്കുന്നതല്ലെന്ന് സെനറ്റ് അംഗങ്ങൾ വ്യക്തമാക്കി. തന്‍റെ പരിഗണന ചാൻസലറും സെനറ്റുമല്ല. വി.സിയും വിദ്യാർഥികളുമാണെന്നും ഇനിയും വി.സി നിയമനം നീണ്ടാൽ സർവകലാശാല പ്രവർത്തനം നിലക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ചാൻസലറുടെ പ്രതിനിധിയെ സർച്ച് കൺവീനറായി നിയമിച്ചത് റദ്ദാക്കിയാൽ സെനറ്റ് അംഗത്തെ നാമനിർദേശം ചെയ്യാൻ കഴിയുമോയെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. സെനറ്റിന് വേണ്ടെങ്കിൽ കോടതിക്കും വി.സിയെ വേണ്ടെന്ന് പറഞ്ഞ സിംഗിൾ ബെഞ്ച് തുടർന്ന് ഹരജി 16ന് പരിഗണിക്കാൻ മാറ്റി. പുറത്താക്കിയ സെനറ്റ് അംഗങ്ങൾക്ക് പകരം പുതിയ ആളുകളെ നാമനിർദേശം ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് അതുവരെ നീട്ടുകയും ചെയ്തു.

അതേസമയം, വി.സി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം എസ്. ജയറാം നൽകിയ ഹരജിയിൽ ഹൈകോടതി നോട്ടീസ് ഉത്തരവിട്ടു. 16ന് ഹരജി പരിഗണിക്കും.

സർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നൽകാൻ സെനറ്റിന് ബാധ്യതയുണ്ടെന്നും നോമിനിയെ നിർദേശിക്കാത്തപക്ഷം ഇക്കാര്യത്തിൽ സെനറ്റ് പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും കേരള സർവകലാശാല നിയമത്തിലെ 7(4) പ്രകാരം സെനറ്റ് പിരിച്ചുവിടാൻ ചാൻസലർക്ക് നിർദേശം നൽകുകയും വേണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - Chancellor's Notification for Appointment of Kerala VC: Criticism of the High Court for the motion to withdraw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.